ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി  ആഘോഷിക്കണമെന്ന് സ്‌കൂളുകളോട് പൊതുവിദ്യാഭ്യാസ വകുപ്പ്

ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ - ഇതിനായി മാര്‍ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കി
ജനസംഘം സ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി  ആഘോഷിക്കണമെന്ന് സ്‌കൂളുകളോട് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.  ജനസംഘം സ്ഥാപകനായിരുന്നു ദീന്‍ദയാല്‍ ഉപാധ്യ.

ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുപി സെക്കന്ററി ക്ലാസുകളില്‍ നടത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനായി മാര്‍ഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. ദീന്‍ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്‌കൂളുകളില്‍ രചനാമത്സരം സംഘടിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. യുപി സ്‌കൂളുകളില്‍ ഫാന്‍സിഡ്രസ് മത്സരം, കവിതാ രചന, ദേശഭക്തി ഗാനാലാപനം, പ്രഭാത അസംബ്ലിയില്‍ പ്രചോദിപ്പിക്കുന്ന കഥപറച്ചില്‍ എന്നിവ സംഘടിപ്പിക്കാവുന്നതാണെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ഫാന്‍സി ഡ്രസില്‍ കുട്ടികള്‍ പ്രശസ്തരായ ഇന്ത്യക്കാരുടെ വേഷങ്ങളിലെത്തണം. ദീന്‍ദയാലിനെ കുറിച്ചോ അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചോ ആകണം കവിതാരചനയെന്നും മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. 

സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ദീന്‍ദയാല്‍ ഉപാധ്യായുടെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചോ ജീവിതത്തെ ആസ്പദമാക്കിയോ രചനകള്‍ നടണമെന്നും സര്‍ക്കുലര്‍ പറയുന്നു. ജന്മശതാബ്ദി ആഘോഷം നടത്തണമെന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കുലറെന്നാണ് ഡിപിഐയുടെ വിശദീകരണം. ആഘോഷത്തിന് പ്രധാനാധ്യാപകര്‍ വേണ്ട നടപടിയെടുക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. ബിജെപി നിലപാടുകളെ നിശ്ചിതമായി സര്‍ക്കാര്‍ വിമര്‍ശിക്കുമ്പോഴാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ്. സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com