പുനത്തിലിന്റെ വിയോഗം : മുഖ്യമന്ത്രി അനുശോചിച്ചു; എഴുത്തിലും നിലപാടിലും കേരളത്തെ അദ്ഭുതപ്പെടുത്തിയ സാഹിത്യകാരനെന്ന് രമേശ് ചെന്നിത്തല  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2017 10:39 AM  |  

Last Updated: 27th October 2017 10:39 AM  |   A+A-   |  

 

തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരനും കഥാകൃത്തുമായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണരായി വിജയന്‍ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സിപിഎം നേതാവ് എംഎ ബേബി തുടങ്ങിയവരും പുനത്തിലിന്റെ വിയോഗത്തില്‍ അനുശോചിച്ചു. 

എഴുത്തിലും നിലപാടിലും കേരളത്തെ അദ്ഭുതപെടുത്തിയ സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് അനുശോചനസന്ദേശത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ആധുനികതയുടെ അകക്കണ്ണായി മാറിയ എഴുത്തുകള്‍ മലയാളത്തിന് നല്‍കിയ സാഹിത്യകാരനായി അറിയപ്പെടുമ്പോഴും നിഷ്‌കളങ്കമായ നര്‍മബോധത്തില്‍ ഭൂതകാലത്തെ നോക്കിക്കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വടകരയുടെ സാംസ്‌കാരിക ചരിത്രം മലയാളികള്‍ക്ക് മുന്നില്‍ തുറന്നിട്ട സ്മാരകശിലയും തന്റെ ജീവിത ചുറ്റുപാടില്‍ നിന്നും കണ്ടെത്തിയ കഥാപാത്രങ്ങളെ ചേര്‍ത്തുവച്ചു എഴുതിയ മരുന്നും മലയാളസാഹിത്യത്തിലെ നാഴികക്കല്ലുകളാണ്. ചെന്നിത്തല അഭിപ്രായപ്പെട്ടു.

വളരെ അടുത്ത ജ്യേഷ്ഠ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എംഎ ബേബി അനുസ്മരിച്ചു. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ എഴുതി ഫലിപ്പിക്കാന്‍ കുഞ്ഞിക്കയ്ക്ക് കഴിഞ്ഞിരുന്നു. ഓജസ്സുള്ള ഭാഷയായിരുന്നു അദ്ദേഹത്തിന്റെ ശക്തി. എഴുത്തിലെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്നും ബേബി അനുസ്മരിച്ചു.