മുണ്ടശ്ശേരിയെ എന്‍കെ ശേഷനാക്കി അനില്‍ അക്കര, ട്രോളുകാര്‍ക്കു പുതിയ വിരുന്ന്, രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് എംഎല്‍എയുടെ വെല്ലുവിളി

ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പോസ്റ്റ് തിരുത്തി മുണ്ടശ്ശേരിക്കു പകരം ശേഷനെ ഉള്‍പ്പെടുത്തി
മുണ്ടശ്ശേരിയെ എന്‍കെ ശേഷനാക്കി അനില്‍ അക്കര, ട്രോളുകാര്‍ക്കു പുതിയ വിരുന്ന്, രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ് എംഎല്‍എയുടെ വെല്ലുവിളി

തൃശൂര്‍: മന്ത്രി സി രവീന്ദ്രനാഥിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് ആരോപിച്ച വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജോസഫ് മുണ്ടശ്ശേരിയെ എന്‍കെ ശേഷനാക്കി. വലിയ രാഷ്ട്രീയ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റിലെ അബദ്ധം ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പോസ്റ്റ് തിരുത്തി മുണ്ടശ്ശേരിക്കു പകരം ശേഷനെ ഉള്‍പ്പെടുത്തി. പോസ്റ്റ് തിരുത്തിയെങ്കിലും മലയാളി ട്രോള്‍ സംഘങ്ങള്‍ക്ക് പുതിയ ചാകരയൊരുക്കിയിരിക്കുകയാണ് അനില്‍ അക്കര.

സി രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാംഗമായിരുന്നെന്ന് നേരത്തെ അനില്‍ അക്കര ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് നിഷേധിച്ചു രവീന്ദ്രനാഥ് രംഗത്തെത്തി. ഇതിനെത്തുടര്‍ന്നു പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കോണ്‍ഗ്രസ് എംഎല്‍എ എന്‍കെ ശേഷനു പകരം മുണ്ടശ്ശേരിയുടെ പടം ഉള്‍പ്പെടുത്തിയത്. 

അനില്‍ അക്കരെയുടെ പോസ്റ്റ് ഇങ്ങനെ: 

ഇദ്ദേഹം ബഹുമാന്യനായ അച്യുതമേനോന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി എന്‍. കെ ശേഷന്‍. ഇദ്ദേഹം 1978ല്‍ സെന്റ് തോമസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലെ 
വരണാധികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ നാമനിര്‍ദേശിക പത്രിക നല്‍കാന്‍ പോയതും, പിന്നീട് പിന്‍വലിക്കാന്‍ പോയതും എറണാകുളത്തെ ആര്‍ എസ് എസ് ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍കര്‍ത്തയുടെ അനന്തിരവനായ സെന്റ് തോമസിലെ msc കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി രവീന്ദ്രനാഥിന് ഓര്‍മ്മയില്ല. 
പക്ഷെ കൂടെ പഠിച്ചവര്‍ക്കും, കൂടെ ചേരാനെല്ലൂര്‍ ശാഖയില്‍ പങ്കെടുത്തവര്‍ക്കും ഓര്‍മ്മയുണ്ട്. കാരണം അവര്‍ മന്ത്രിമാരല്ലല്ലോ?

പോസ്റ്റിട്ട് രണ്ടു മണിക്കൂറിനു ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞ് പടം മാറ്റിയത്.

രവീന്ദ്രനാഥിനെ എബിവിപി ബന്ധം ആവര്‍ത്തിച്ച് അനില്‍ അക്കരെ വീണ്ടും കുറിപ്പെഴുതിയിട്ടുണ്ട്. 

പുതിയ കുറിപ്പ് ഇങ്ങനെ: 

ബഹുമാന്യ വിദ്യാഭ്യാസമന്ത്രി ശ്രീ രവീന്ദ്രന്‍മാഷേ, 
ഞാന്‍ ഫെയ്‌സ് ബുക്കില്‍ ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്‍ തന്നെ ഞാന്‍ പറഞ്ഞത് ശരിയാണെന്ന് താങ്കള്‍ സമ്മതിക്കുകയാണ്. ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എബിവിപി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിക്കുന്നില്ല. ഞാന്‍ പറഞ്ഞത് താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിരുന്നു എന്നാണ്. 
താങ്കള്‍ അതും നിഷേധിക്കുന്നില്ല. പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം അത് ഞാന്‍ സ്വാഗതം ചെയ്യുന്നു.
പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത? പറയൂ,മാഷ് തന്നെ പറയൂ 
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍,, നമുക്ക് നോക്കാം.
ഞാനും ആ കോളേജില്‍ പഠിച്ചതല്ലേ?

അനില്‍ അക്കരെയുടെ ആരോപണം വസ്തുതാ വിരുദ്ധമെന്നും എബിവിപിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും നേരത്തെ രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com