ഞാന്‍ പറയുന്നതാണ് ജാഥയുടെ നിലപാട്; തോമസ് ചാണ്ടിയെ തള്ളി കാനം

തോമസ് ചാണ്ടിയുടെ പൂപ്പള്ളി പ്രസംഗം ഇടതു മുന്നണി ജാഥയുടെ നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ഞാന്‍ പറയുന്നതാണ് ജാഥയുടെ നിലപാട്; തോമസ് ചാണ്ടിയെ തള്ളി കാനം

ആലപ്പുഴ: തോമസ് ചാണ്ടിയുടെ പൂപ്പള്ളി പ്രസംഗം ഇടതു മുന്നണി ജാഥയുടെ നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. താന്‍ പറഞ്ഞതാണ് ജാഥയുടെ നിലപാട്. ഓരോരുത്തരും പറയുന്നതിന്റെ ഔചിത്യം അവരവര്‍ തീരുമാനിക്കേണ്ടതാണെന്നും കാനം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെന്ന് തോമസ് ചാണ്ടി പൂപ്പള്ളിയില്‍ എല്‍ഡിഎഫ് ജനജാഗ്രത യാത്രയുടെ സ്വീകരണ വേദിയില്‍ പ്രസംഗിച്ചിരുന്നു. ജാഥാ ക്യാപ്ടന്‍ കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. 

ജാഥയുടെ നയം വിശദീകരിക്കുന്നത് അധ്യക്ഷനല്ല, ജാഥാംഗങ്ങളാണ്. തോമസ് ചാണ്ടിക്ക് അദ്ദേഹത്തിന്റെ വാദം പറയാന്‍ അവകാശമുണ്ട് എന്നും തോമസ് ചാണ്ടി പറഞ്ഞതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കാനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍സിപി എല്‍ഡിഎഫ് ഘടകകക്ഷി ആയതിനാല്‍ ചാണ്ടിക്ക് ജാഥയില്‍ പങ്കെടുക്കാം,എന്നാല്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കേണ്ടിയിരുന്നത് ജനജാഗ്രതാ യാത്രയിലായിരുന്നോയെന്ന് ആലോചിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. 

തന്റെ കൈയേറ്റം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ചെങ്കിലും അദ്ദേഹം അത് ഏറ്റെടുത്തിട്ടില്ല. ഒരു സെന്റ് ഭൂമിയെങ്കിലും താന്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവെക്കാന്‍ തയ്യാറാണ്.  തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും മന്ത്രി തോമസ് ചാണ്ടി സ്വീകരണയോഗത്തില്‍ പറഞ്ഞു. 

മൂന്നര വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസില്‍ ഒരുപാട് പേര്‍ ഉടുപ്പ് തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത 15 വര്‍ഷത്തേയ്ക്ക് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരും. കോണ്‍ഗ്രസിന് എല്‍ഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു. വെല്ലുവിളിക്കാനോ എതിര്‍ക്കാനോ അല്ല ജാഥ നടത്തുന്നതെ് അതേവേദിയില്‍ വെച്ചുതാനെ തോമസ് ചാണ്ടിക്ക് കാനം മറുപടി നല്‍കിയിരുന്നു. 

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസ് വിഷയത്തില്‍ റവന്യുവകുപ്പ് കര്‍ശന നിലപാട് സ്വീകരിച്ച് രംഗത്ത് വന്നിരുന്നു. തോമസ് ചാണ്ടിയുടെ കയ്യേറ്റ ആരോപണ വാര്‍ത്ത പുറത്തുവന്നതുമുതല്‍ സിപിഐ തോമസ് ചാണ്ടിയെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. 

ആലപ്പുഴ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com