പെമ്പിളൈ ഒരുമൈയ്‌ക്കെതിരായ മണിയുടെ പരാമര്‍ശം സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 01st September 2017 12:18 PM  |  

Last Updated: 01st September 2017 02:30 PM  |   A+A-   |  

mm-mani

 

ന്യൂഡല്‍ഹി: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ചെന്ന, മന്ത്രി എംഎം മണിക്കെതിരായ പരാതി സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ബുലന്ദ് ശഹര്‍ ബലാത്സംഗ കേസിലെ ഇരകളെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപാനിച്ചു എന്ന കേസിനൊപ്പമാവും മണിയുടെ പരാമര്‍ശവും പരിഗണിക്കുക. ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പുതിയ ഹര്‍ജി നല്‍കാന്‍ പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്  നിര്‍ദേശം നല്‍കി.

മണിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ജോര്‍ജ് വട്ടുകുളം സുപ്രിം കോടതിയെ സമീപിച്ചത്. മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ഭരണഘടനാ ബെഞ്ചിനു വിടാന്‍ നിര്‍ദേശിച്ചത്. 

വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടേയും താത്പര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. കോടതിക്ക് ഇടപെടാന്‍ പര്യാപ്തമായ വിഷയമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. 

മണിയുടെ വിവാദ പ്രസംഗത്തിന് എതിരായ രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണയ്ക്കു വന്നത്. മന്ത്രിമാര്‍ക്ക് പെരുമാറ്റ ചട്ടം വേണമെന്നുള്ള വാദവും കോടതി തള്ളി. നിര്‍ദേശം നല്ലതിനുവേണ്ടിയാണെങ്കിലും തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 

പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് മന്ത്രി നടത്തിയ പ്രസംഗം സ്ത്രീവിരുദ്ധവും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിക്കുന്നതുമാണ് എന്നാണ് പരാതി.  പ്രസംഗം പുറത്തുവന്നതോടെ മന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മണി രാജിവെക്കണം എന്നാശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി മണിയെ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.