വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണം: കാത്തലിക് അതിരൂപത 

എല്ലാ ഇടവകകളിലും ത്രിജി/ഫോര്‍ജി ഇന്റര്‍നെറ്റ് കണക്ഷന്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഉറപ്പാക്കണമെന്നും
വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണം: കാത്തലിക് അതിരൂപത 

കൊച്ചി: വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണമെന്ന് അതിരൂപതയുടെ നിര്‍ദേശം. എറണാകുളം- അങ്കമാലി കാത്തലിക് അതിരൂപതയാണ് വിശ്വാസികളോട് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്. വേറൊന്നിനുമല്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുതന്നെ. സമുദായത്തിലെ ഒരു ലക്ഷം കുടുംബങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന അംഗങ്ങളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ സേവനം എല്ലാവരിലേക്കുമെത്തിക്കാനാണ് വിശ്വാസികളോട് സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളാകാന്‍ സഭ ആവശ്യപ്പെട്ടത്.

അറിവ് വിരല്‍ത്തുമ്പിലേക്കെത്തിക്കുന്ന ടെക്‌നോളജിയാണ് സ്മാര്‍ട്‌ഫോണ്‍. ഇതിന്റെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ് നിലവില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലാത്ത വിശ്വാസികളും ഈ അവസരത്തില്‍ ഒരെണ്ണം സംഘടിപ്പിക്കണമെന്നും അതിരൂപത സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയത്രത്ത് പറഞ്ഞു. സെപ്റ്റംബര്‍ പത്തിന് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട കുറിപ്പു വായിക്കും. എല്ലാ ഇടവകകളിലും ത്രിജി/ഫോര്‍ജി ഇന്റര്‍നെറ്റ് കണക്ഷന്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഉറപ്പാക്കണമെന്നും സഹായ മെത്രാന്‍
കൂട്ടിച്ചേര്‍ത്തു.

അങ്കമാലി- എറണാകുളം അതിരൂപതയിലെ ഒരു വലിയ വിഭാഗം അംഗങ്ങളും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതു മുതല്‍ത്തന്നെ ഉപയോഗിച്ച് വരുന്നുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും ഇത് എല്ലാവരിലേക്കുമെത്തിക്കാനാണ് സഭ ശ്രമിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ കുടുംബബന്ധങ്ങളും വ്യക്തികള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കും. കൂടാതെ വിശ്വാസപരമായ കാര്യങ്ങള്‍ എല്ലാ മേഖലയിലുള്ള വ്യക്തികളിലേക്കും കൂടുതല്‍ പെട്ടെന്ന് എത്താന്‍ ഉപകാരപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അതിരൂപതയുടെ കീഴിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും ആപ്ലിക്കേഷന്റെ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡുമുണ്ടാകും. ഇതുവഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനും അതിരൂപതയുടെ കോഴ്‌സുകള്‍ക്ക് അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനുമെല്ലാം കഴിയും. കൂടാതെ സംഭാവന നല്‍കല്‍, ഓര്‍ഗണ്‍ ഡോണേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ആപ്ലിക്കേഷന്‍ ഉപയോഗിക്കാമെന്നാണ് പറയപ്പെടുന്നത്. ആറു വര്‍ഷം നീണ്ടുനിന്ന ശ്രമങ്ങള്‍
ക്കൊടുവിലാണ് ഇത് രൂപപ്പെടുത്തിയത്. 64000 കുടുംബങ്ങളിലെ 2.71 ലക്ഷം അംഗങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഇതിനോടകം റജിസ്ട്രര്‍ ചെയ്തുവെന്നാണ് ബിഷപ് സാക്ഷ്യപ്പെടുത്തുന്നത്. 

കേരളത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് എറണാകുളം- അങ്കമാലി അതിരൂപത. ഇന്ത്യയിലെ രണ്ടാമത്തേതും. മുംബൈ അതിരൂപതയാണ് ഒന്നാം സ്ഥാനത്ത്. ഇതിലെ 5.16ല ലക്ഷം അംഗങ്ങളില്‍ ഒരു ലക്ഷം അംഗങ്ങളും യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, നോര്‍ത്ത് അമേരിക്ക, ന്യൂസ്ലാന്‍ഡ്, ആസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലാണ് താമസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com