saradakutty
saradakutty

'ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ'; ടിജി മോഹന്‍ദാസിന് ശാരദക്കുട്ടിയുടെ മറുപടി

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല

കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ട്വീറ്റുമായെത്തിയ ബിജെപി നേതാവ് ടിജി മോഹന്‍ദാസിന് മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ലെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.'ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല' ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അഞ്ചുതവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി ജനങ്ങള്‍ക്കു വേണ്ടി ചെയ്ത മൂന്നു കാര്യങ്ങള്‍ എന്താണെന്ന് ടിജി മോഹന്‍ ദാസ് ട്വീറ്റ് ചെയ്തിരുന്നു. കലൈഞ്ജര്‍ മരിച്ച് മണിക്കൂറുകള്‍ക്കിള്ളില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് ഏറെ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇതിനു മുമ്പും ഇയാള്‍ നിരവധി തവണ വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ടി. ജി. മോഹന്‍ ദാസ്,

താങ്കള്‍ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ 200 - മത്തെ വരിയില്‍ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..

'സാമാന്യനായൊരു വൈരി വരുന്നേരം
വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം' എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു.
ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.

ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com