വടക്കന്‍ജില്ലകളില്‍ പ്രളയപെയ്ത്ത്; കോഴിക്കോട് ഏഴിടത്ത് ഉരുള്‍പൊട്ടി; ഒറ്റപ്പെട്ട് മലയോരമേഖല

വടക്കന്‍ജില്ലകളില്‍ പ്രളയപെയ്ത്ത്- കോഴിക്കോട് ഏഴിടത്ത് ഉരുള്‍പൊട്ടി - ഒറ്റപ്പെട്ട് മലയോരമേഖല
വടക്കന്‍ജില്ലകളില്‍ പ്രളയപെയ്ത്ത്; കോഴിക്കോട് ഏഴിടത്ത് ഉരുള്‍പൊട്ടി; ഒറ്റപ്പെട്ട് മലയോരമേഖല

കോഴിക്കോട്: സംസ്ഥാനത്ത് കനത്തമഴയും ഉരുള്‍പൊട്ടലും തുടരുന്നു.  കരുവാരക്കുണ്ട് മണലിയാപാടം മലയില്‍ വീണ്ടും ഉരുള്‍പൊട്ടി. ഒലിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഓന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു. 

താമരശ്ശേരി ചുരത്തില്‍ മാത്രം രണ്ടിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇരുവഞ്ഞിപ്പുഴയും പൂനൂര്‍പുഴയും കുറ്റിയാടിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി റോഡ് ഒലിച്ചുപോയ കക്കയം ഭാഗത്ത് വീണ്ടും ഉരുള്‍പൊട്ടി. കക്കയത്ത് രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്.

താമരശ്ശേരി വനത്തിലും ചിപ്പിലിത്തോടും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷിയിടങ്ങളും പാടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി. കോഴിക്കോട് നായാടുംപൊയിലിലാണ് റോഡ് ഒലിച്ചുപോയത്. പലര്‍ക്കും ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ദിവസങ്ങളായിട്ടും വീട്ടലേക്ക് മടങ്ങാനായില്ല. ചിലര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും വീണ്ടും ക്യാമ്പിലേക്ക് മടങ്ങി.

കക്കയം ഡാമിന്റെ  പെരുവണ്ണാമൂഴി ഷട്ടര്‍ തുറന്ന് ആറടി വരെ  വെള്ളം  ഒഴുക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റിയാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റിയാടി പഞ്ചായത്തുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. പുഴയുടെ തീരത്തുനിന്ന് മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ വന്‍ നാശംവിതച്ച വയനാട് പൊഴുതന അമ്മാറയില്‍ വീണ്ടും മണ്ണിടിച്ചില്‍.  നേരത്തെ ഇവിടെ ഏഴു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായിരുന്നു. മേഖല പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും. 

സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കി. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഏഴ് അടിയായി ഉയര്‍ത്തും. തൃശൂര്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. കണ്ണൂര്‍ പാല്‍ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കേളകം ഭാഗത്ത് റോഡുകള്‍ മുഴുവന്‍ വെള്ളത്തിലാണ്. കനത്ത കാറ്റിലും മഴയിലും മണ്ണുത്തി വെറ്ററിനറി കോളജ് വളപ്പില്‍ മരംവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. ചെമ്പൂത്ര സ്വദേശി ഷാജിയാണ് മരിച്ചത്

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയും, ഉരുള്‍ പൊട്ടലും. ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കനത്ത മഴയില്‍  കൊട്ടിയൂര്‍ , കേളകം തുടങ്ങിയ മലയോര മേഖലകളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. പുലര്‍ച്ചെ മുതലാണ് ജില്ലയുടെ മലയോര മേഖലയില്‍ മഴ ശക്തമായത്. പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി.

ഗതാഗതം തടസപ്പെട്ടതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കം ചെയ്താണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. പക്ഷേ മഴ ശക്തമായതോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മലവെള്ളപ്പാച്ചിലും ശക്തമായി.

കൊട്ടിയൂര്‍  ചപ്പമലയില്‍  ഉരുള്‍പൊട്ടി. ആളപായമില്ല. കേളകം ശാന്തിഗിരിയില്‍ മലമുകളില്‍ വിള്ളല്‍ രൂപപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. വനത്തിനുള്ളില്‍ മഴ കനത്തതോടെ ബാവലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. 

ഇതോടെ ഇരിട്ടി കൊട്ടിയൂര്‍ സംസ്ഥാന പാത വെള്ളത്തിനടിയിലായി. മേഖലയിലെ കൃഷിയിടങ്ങളിലും വെള്ളം കയറി. മഴയ്‌ക്കൊപ്പം ആഞ്ഞടിച്ച കാറ്റില്‍ പലയിടത്തും വൈദ്യുതി തൂണുകള്‍ നിലംപൊത്തിയതോടെ മലയോരത്ത് വൈദ്യുതി ബന്ധവും താറുമാറായി. ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും, പൊലീസ്, റവന്യൂ, അഗ്‌നിശമന സേന വിഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്. ഉരുള്‍പൊട്ടലുണ്ടായതിനാല്‍ വയനാട് ചുരം റോഡിലൂടെയുള്ള യാത്ര കര്‍ശനമായി പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചിട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com