ദുരിതം മറന്ന് മഹാരാജാസിലെ ക്ലാസ് മുറിയിലെ ബോര്‍ഡുകളില്‍ അവര്‍ ആ വാചകം എഴുതിതീര്‍ത്തു

ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്ര നാള്‍ കാത്തുസൂക്ഷിച്ച മഹാരാജാസിന്റെ നല്ല മനസ്സുകള്‍ക്ക് നന്ദി' എന്ന് ക്ലാസ് മുറിയിലെ ഗ്രീന്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്ത ശേഷമാണ് വീടുകളിലേക്ക് യാത്രയായത്
ദുരിതം മറന്ന് മഹാരാജാസിലെ ക്ലാസ് മുറിയിലെ ബോര്‍ഡുകളില്‍ അവര്‍ ആ വാചകം എഴുതിതീര്‍ത്തു

കൊച്ചി:  ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്ര നാള്‍ കാത്തുസൂക്ഷിച്ച മഹാരാജാസിന്റെ നല്ല മനസ്സുകള്‍ക്ക് നന്ദി' എന്ന് ക്ലാസ് മുറിയിലെ ഗ്രീന്‍ ബോര്‍ഡില്‍ എഴുതി ചേര്‍ത്ത ശേഷമാണ് ക്യാമ്പിലെത്തിയവര്‍ ക്യാമ്പസില്‍ നിന്ന് വീടുകളിലേക്ക് യാത്രയായത്. പ്രളയവും പേമാരിയും രൂക്ഷമായപ്പോള്‍ സ്വന്തം വീടുകള്‍ താമസ യോഗ്യമല്ലാതായ സാഹചര്യത്തില്‍ മഹാരാജാസില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയവരാണ്  ബോര്‍ഡില്‍ നന്ദിി വാചകങ്ങള്‍ എഴുതി വച്ചത്. 

പ്രളയം വിതച്ച  നഷ്ടങ്ങള്‍ക്കുമേല്‍ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും അന്തരീക്ഷമാണ് കോളേജ് അങ്കണത്തില്‍ തിരുവോണനാളില്‍ ഉണ്ടായിരുന്നത്. ഓണവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ എത്തിയവര്‍ക്ക് വേണ്ടി ഒരുക്കി.  വീട്ടിലെ ഓണം പോലെ തന്നെ ക്യാമ്പിലെ ഓണപ്പരിപാടികളും ആസൂത്രണം ചെയ്തു. കസേരകളി, ഉറിയടി, വടംവലി, മിഠായി പെറുക്കല്‍, ലെമണ്‍ സ്പൂണ്‍ റേസ് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്യാമ്പസില്‍ ഓണത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിയ വേണ്ടി സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനദാനവും നല്‍കി. സദ്യവട്ടങ്ങളും സുന്ദരമായൊരു ഓണക്കാലം ക്യാമ്പിലെത്തിയവര്‍ക്ക്  കോളേജ് ഒരുക്കിയത്.

ക്യാമ്പില്‍ എത്തിയവര്‍ക്ക് കോളേജിലെ ഓണാഘോഷങ്ങള്‍ നഷ്ടങ്ങളെ മറക്കാനുള്ള കുറേ  സുന്ദര നിമിഷങ്ങളായിരുന്നു. പ്രീഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കാന്‍ കിട്ടാത്ത അവസരമാണ് വെള്ളപ്പൊക്കം നല്‍കിയതെന്ന് ക്യാമ്പിലെത്തിയ കടമക്കുടി സ്വദേശി വിനോദ് പറയുന്നു. ക്യാമ്പും അന്തരീക്ഷവും വളരെ നല്ലതായിരുന്നു എന്ന് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് ക്യാമ്പില്‍ ഉണ്ടായിരുന്നതെന്നും വിനോദ് പറയുന്നു. ക്യാമ്പില്‍ ആണെന്ന തോന്നല്‍  ഉണ്ടായിരുന്നില്ല, അത്രയ്ക്ക് സുന്ദരമായ അന്തരീക്ഷമാണ് ക്യാമ്പിലുണ്ടായിരുന്നതെന്ന് ചരിയം തുരുത്ത് നിവാസി പ്രമോദ് പറയുന്നു. എല്ലാം മറന്നാണ് ആളുകള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തത്. കളിയും പരിപാടികളും എല്ലാമായി ഓണം ക്യാമ്പില്‍ ആഘോഷമായിരുന്നുവെന്നും മഹാരാജാസ് പഠിക്കാന്‍ നഷ്ടമായെന്നും ക്യാമ്പിലെ മറ്റൊരു നിവാസിയും കടമക്കുടി സ്വദേശിയുമായ രസ്‌ന പറയുന്നു. മറ്റൊരു ക്യാമ്പ് നിവാസി ഡെല്‍മ തമ്പിക്കും ക്യാമ്പിനെ പറ്റി നല്ല അഭിപ്രായമാണ്. ദുരിതംപേറി അവിടെയെത്തിയ അവര്‍ക്കു മനോവിഷമം മറക്കുന്ന രീതിയിലാണ് എല്ലാവരും സഹകരിച്ചത്. ഗാനമേള, മാജിക്, നാടന്‍പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ ക്യാമ്പിലെത്തിയ വര്‍ക്ക് വേണ്ടി ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു. വെള്ളം കയറി വീട് വിട്ടുനില്‍ക്കേണ്ടിവന്ന തങ്ങള്‍ക്ക് മഹാരാജാസ് തണലായത് ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ പലയിടങ്ങളിലും വെള്ളം കരയില്‍ കയറിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 16നാണ് മഹാരാജാസ് കോളേജില്‍  തഹസില്‍ദാര്‍ വൃന്ദാ ദേവിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചത്. 800ന് മേലെ ആളുകള്‍ ക്യാമ്പില്‍ ഉണ്ടായിരുന്നു. കടമക്കുടി, പിഴല, വൈപ്പിന്‍, ചരിയം തുരുത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യാമ്പിലെത്തിയത്. ക്യാമ്പില്‍ എത്തിയവര്‍ക്ക് ക്ലീനിങ് കിറ്റ്, വസ്ത്രങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ നല്‍കിയാണ് ക്യാമ്പില്‍ നിന്നും തിരികെ അയച്ചത്. ക്യാമ്പില്‍  അവസാനിച്ച 25 ഓളം പേരെ കടമക്കുടി വി എച്ച് സി സ്‌കൂളിലേക്ക് മാറ്റി കോളേജില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com