സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് പിറവം പളളിയില്‍; ആത്മഹത്യാഭീഷണിയുമായി യാക്കോബായ സഭാംഗങ്ങള്‍, സംഘര്‍ഷം 

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പിറവം പളളിയില്‍ എത്തിയ പൊലീസിന് നേരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം.
സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് പിറവം പളളിയില്‍; ആത്മഹത്യാഭീഷണിയുമായി യാക്കോബായ സഭാംഗങ്ങള്‍, സംഘര്‍ഷം 

പിറവം:  ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പിറവം പളളിയില്‍ എത്തിയ പൊലീസിന് നേരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. പളളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പൊലീസുകാരെ യാക്കോബായ വിഭാഗം സഭാംഗങ്ങളും വൈദികരും ചേര്‍ന്ന് തടഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടെ പിറവം പളളിക്ക് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കി രണ്ട് യാക്കോബായ സഭാംഗങ്ങള്‍ രംഗത്തുവന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിച്ചാല്‍ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി രണ്ട് യാക്കോബായ സഭാംഗങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുമെന്നാണ് ഇവരുടെ ഭീഷണി. 

സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് പളളിയില്‍ എത്തിയപ്പോഴാണ് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പളളിക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് രണ്ടു സഭാംഗങ്ങള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് , പിറവം പള്ളി കേസില്‍ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് ഇടപെടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹെക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ ആയിരക്കണക്കിനു പൊലീസിനെ വിന്യസിക്കുന്ന സര്‍ക്കാരിന് പിറവത്ത് ഇരുന്നൂറു പേര്‍ക്ക് സംരക്ഷണം നല്‍കാനാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പിറവം പള്ളി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടലില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിമര്‍ശനം. ഇതിന്റെ ചുവടുപിടിച്ച് കോടതി വിധി നടപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കവേയാണ് യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. 

പിറവം പള്ളിയില്‍ മലങ്കര സഭയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായി സുപ്രിം കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ യാക്കോബായ പക്ഷത്തിനു ഭൂരിപക്ഷമുള്ള പള്ളിയില്‍ വിധി ഇതുവരെ നടപ്പാക്കാനായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com