പയ്യന്നൂര്‍: വീട്ടില്‍ കയറി മാല മോഷ്ടിച്ചതിന് ശേഷം രക്ഷപ്പെട്ട് ഓടിയ കള്ളന് വഴി തെറ്റി. വഴി തെറ്റിയ കള്ളനെ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ സുരഭി നഗറിലായിരുന്നു കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെ സംഭവം.
മൂന്ന് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലായിരുന്നു കള്ളനെത്തിയത്. അടുക്കള വാതില്‍ തുറന്ന് അകത്ത് കയറിയ കള്ളന് അക്കാളത്ത് രാധ എന്ന സ്ത്രീയുടെ രണ്ട് പവന്റെ മാല വലിച്ചൂരിയെടുത്ത് ഓടി. ഉറങ്ങി കിടക്കുകയായിരുന്നു എങ്കിലും കള്ളന് മാല പൊട്ടിച്ചത് അറിഞ്ഞ വീട്ടിലെ സ്ത്രീകള്‍ ബഹളം വയ്ക്കാതെ വിവരം തൊട്ടടുത്ത് താമസിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചു പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറി ഇക്കാര്യം പൊലീസിനേയും പരിസരത്തുള്ള ആളുകളേയും അറിയിച്ചു. പരിചയമില്ലാത്ത ഒരാള്‍ക്ക് ഈ പ്രദേശത്ത് നിന്നും പുറത്തു കടക്കാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായിരുന്നു. ഇതിനിടെ കള്ളന് രക്ഷപെട്ട് ഓടുന്നതിന് ഇടയില്‍ വന്ന വഴി തെറ്റിയാണ് ഓടിയത്. ഇത് സമീപത്ത് മരപ്പണിയെടുക്കുന്ന ആള് കണ്ടിരുന്നു. കള്ളനെ കണ്ടത് അയള് മറ്റ് നാട്ടുകാരെ വിളിച്ചറിയിച്ചു.
ഈ സമയം കൊണ്ട് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. വഴി തെറ്റിയ വിവരം കള്ളന് മനസിലാക്കുമ്പോഴേക്കും വൈകിയിരുന്നു. കള്ളനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും മാല ആദ്യം കിട്ടിയില്ല. കാര്യം പന്തിയല്ലെന്ന് കണ്ടപ്പോള്‍ കള്ളന് മാല വഴിയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട് വഴിയില്‍ നിന്നും പൊലീസ് മാല കണ്ടെടുത്തു. കള്ളനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ