പുകപരിശോധനക്ക് 200 രൂപ വരെ ഈടാക്കുന്നു: അമിത നിരക്ക് ഈടാക്കുന്നത് വ്യാപകം, പരിശോധന കര്‍ശനമാക്കി അധികൃതര്‍

ജില്ലയില്‍ പുകപരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് വ്യാപകമാകുന്നു.
പുകപരിശോധനക്ക് 200 രൂപ വരെ ഈടാക്കുന്നു: അമിത നിരക്ക് ഈടാക്കുന്നത് വ്യാപകം, പരിശോധന കര്‍ശനമാക്കി അധികൃതര്‍

കൊച്ചി: ജില്ലയില്‍ പുകപരിശോധനയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് വ്യാപകമാകുന്നു. പുക പരിശോധനയിലൂടെ വാഹനമുടമകളെ പിഴിയുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് പാലാരിവട്ടം സ്റ്റേഡിയം ലിങ്ക് റോഡിലെ സ്‌റ്റേഡിയം വീല്‍സ് പുക പരിശോധന കേന്ദ്രത്തിന്റെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു.

എറണാകുളം ആര്‍ടി ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തന്റെ സ്വകാര്യ വാഹനം പുകപരിശോധനയ്ക്ക് കൊണ്ട് ചെന്നപ്പോള്‍ അമിത നിരക്ക് വാങ്ങിയതാണ് പരിശോധന കേന്ദ്രത്തിന് വിനയായത്. എംവി ഐ ആണെന്ന് അറിയാതെയാണ് പണം കൂടുതല്‍ വാങ്ങിയതെന്നും തിരികെ നല്‍കാമെന്നും കേന്ദ്രം നടത്തിപ്പുകാര്‍ പറഞ്ഞെങ്കിലും രേഖകള്‍ പരിശോധിച്ചപ്പോള്‍ 776 പേരില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയതായി കണ്ടെത്തി. 

തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഒട്ടേറെ പേര്‍ക്ക് പണം തിരികെ നല്‍കി. വാങ്ങിയ പണത്തിന്റെ കണക്കും വാഹന നമ്പറുകളും രേഖപ്പെടുത്തിയ രജിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനമുടമകളെ ഫോണില്‍ വിളിച്ച് വരുത്തിയാണ് അധികമായി ഈടാക്കിയ പണം തിരികെ നല്‍കിയത്.

ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 60 രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ പരിശോധനയ്ക്ക് 75 രൂപയും ഹെവി വാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപയുമാണ് നിരക്കെങ്കിലും ഇതിന്റെ ഇരട്ടിയോളം തുക വാഹനമുടമകളില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com