പുറത്താക്കുമെന്ന ഭീഷണി വേണ്ട ; വനിതാമതിലിനോട് സഹകരിക്കുമെന്ന് രാമഭദ്രനും മോഹന്‍ ശങ്കറും;  കോണ്‍ഗ്രസ് രണ്ടു തട്ടില്‍

വനിതാമതില്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത മോഹന്‍ശങ്കറിനും പി രാമഭദ്രനും എതിരെ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വത്തിന് പരാതി 
പുറത്താക്കുമെന്ന ഭീഷണി വേണ്ട ; വനിതാമതിലിനോട് സഹകരിക്കുമെന്ന് രാമഭദ്രനും മോഹന്‍ ശങ്കറും;  കോണ്‍ഗ്രസ് രണ്ടു തട്ടില്‍

കൊല്ലം : ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സഹകരിക്കണമെന്ന നിലപാടുമായി മുതിര്‍ന്ന നേതാക്കളായ പി രാമഭദ്രനും മോഹന്‍ ശങ്കറും രംഗത്തെത്തിയത് കൊല്ലത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കി. കെപിസിസി നേതാവും എസ്എന്‍ഡിപി കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ മോഹന്‍ ശങ്കറും, കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് മെംബറുമായ പി രാമഭദ്രനും വനിതാ മതിലിന്റെ സംഘാടക സമിതിയില്‍ പങ്കെടുത്തിരുന്നു. 

ഇതോടെയാണ് വനിതാമതിലിനെതിരെ രംഗത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്. സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത മോഹന്‍ശങ്കറിനും രാമഭദ്രനും എതിരെ പാര്‍ട്ടി നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ഇതിന് പിന്നാലെ താക്കീതുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. വനിതാമതിലിന്റെ ഭാഗമാകുന്ന കോണ്‍ഗ്രസുകാരന്‍ പിന്നീട് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മതിലാണ് വനിതാമതിലെന്ന് പി രാമഭദ്രന്‍ പറയുന്നു. കേരള ദളിത് ഫെഡറേഷന്റെ എല്ലാപ്രവര്‍ത്തകരും വനിതാമതിലില്‍ പങ്കാളികളാകും. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയൊന്നും തന്നോട് വേണ്ട. 40 വര്‍ഷത്തിലധികമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമാണ് തന്റെ പിതാവെന്നും രാമഭദ്രന്‍ പറഞ്ഞു. എസ്എന്‍ഡിപി, കോണ്‍ഗ്രസ് അനുകൂല നിലപാടുള്ള പിന്നാക്ക സംഘടനകള്‍ എന്നിവയുമായി അടുത്തുപ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും വനിതാമതിലിനോട് അനുഭാവത്തിലാണ്.

അതേസമയം വനിതാമതിലിന് എതിരെ യുഡിഎഫ് ജില്ലാ നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലും മോഹന്‍ശങ്കര്‍ പങ്കെടുത്തു. രണ്ടുപരിപാടിയിലെയും മോഹന്‍ശങ്കറിന്റെ സാന്നിധ്യം പാര്‍ട്ടി അണികളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com