കിടിലന്‍ ഡയലോഗുകള്‍ പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടുന്നതല്ലേ, ആ വായക്ക് ഇമ്മാതി പ്രാക്കുകള്‍ ചേരില്ല: സുരേഷ് ഗോപിയെ പരിഹസിച്ച് ശാരദക്കുട്ടി

സുരേഷ് ഗോപിയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. 
കിടിലന്‍ ഡയലോഗുകള്‍ പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടുന്നതല്ലേ, ആ വായക്ക് ഇമ്മാതി പ്രാക്കുകള്‍ ചേരില്ല: സുരേഷ് ഗോപിയെ പരിഹസിച്ച് ശാരദക്കുട്ടി

ബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപി ഇയിടെ നടത്തിയ പ്രസ്താവനകള്‍ സമൂഹമാധ്യമത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. 

രഞ്ജി പണിക്കരെ പോലുള്ളവരെഴുതി വെച്ച 'കിടിലന്‍' ഡയലോഗുകള്‍ മാത്രം പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടിയ വായക്ക് ഇമ്മാതിരി പ്രാക്കുകള്‍ ചേരില്ലെന്ന് ശാരദക്കുട്ടിയുടെ കുറിപ്പില്‍ പറയുന്നു.

അയ്യപ്പ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്‍കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്നും ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടിച്ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടേയെന്നുമാണ് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞത്. ഇതിനുള്ള പ്രതികരണമായാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

"തിലകം ചാർത്തി ചീകിയുമഴകായ്
പല നാൾ പോറ്റിയ പുണ്യ ശിരസ്സേ
ഉലകം വെല്ലാൻ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോടായി"

സുരേഷ് ഗോപിയോടാണ്.ചുടലപ്പറമ്പിനെ കുറിച്ചാണ്. ചുടലയിൽ ഒടുങ്ങേണ്ടവരെക്കുറിച്ചാണ്.

ആകാശത്തിലിട്ടുരുട്ടുന്ന മട്ടിൽ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്ന എല്ലാ തലയുടെയും കാര്യം ഇത്രയൊക്കെയേ ഉള്ളു എന്നാണ് മരണമെന്ന ദാർശനിക സത്യത്തെക്കുറിച്ചറിയാവുന്നവർ പറയുന്നത്.

തിരുനൈനാർ കുറിച്ചി മാധവൻ നായർ ഹരിശ്ചന്ദ്ര സിനിമക്കു വേണ്ടി എഴുതി കമുകറ പുരുഷോത്തമൻ പാടിയ ആത്മവിദ്യാലയമേ എന്ന ഗാനത്തിലെ ചില വരികൾ കൂടി താങ്കളെ ഓർമ്മിപ്പിക്കട്ടെ.

" ഇല്ലാ ജാതികൾ ഭേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടേ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ"

അതു കൊണ്ട് ശപിക്കരുത്. മഹാഭാരതത്തിൽ കൃഷ്ണനോട്, 'നീയും നിന്റെ വംശവും മുടിഞ്ഞു പോകു'മെന്നു ശപിച്ച ഗാന്ധാരിയെ നോക്കി കൃഷ്ണൻ ചിരിച്ച ഒരു ചിരിയുണ്ട്. ഇതിഹാസത്തിൽ വ്യാസൻ അടയാളപ്പെടുത്തിയ ചിരി.

" മേഞ്ഞയിടത്തു തന്നെയാണല്ലോ അമ്മേ നിങ്ങൾ മേയുന്നത്" എന്നാണ് കുട്ടിക്കൃഷ്ണ മാരാർ ആ ചിരിയുടെ അർഥം അടയാളപ്പെടുത്തിയത്.

മരണത്തെക്കുറിച്ചാണ്. ചുടലയിൽ ഒടുങ്ങുന്നതിനെ കുറിച്ചാണ്. ഭാരതീയ ജനതാപാർടിയല്ലേ, അതൊക്കെ ഒന്നെടുത്തു വായിക്കുന്നത് പ്രയോജനപ്പെടും.

രൺജി പണിക്കരെ പോലുള്ളവരെഴുതി വെച്ച 'കിടിലൻ'ഡയലോഗുകൾ മാത്രം പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടിയ ആളല്ലേ? ആ വായക്ക് ചേരില്ല ഇമ്മാതിരി പ്രാക്കുകൾ. ആളുകൾ ചിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com