സിബിഐ മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ?; 17 പേരുടെ ചുരുക്കപ്പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍

കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും സിബിഐ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
സിബിഐ മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ?; 17 പേരുടെ ചുരുക്കപ്പട്ടികയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും സിബിഐ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സിബിഐ ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ 17 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിലാണ് ബെഹ്‌റയുടെ പേരും ഉള്‍പ്പെട്ടത്. നേരത്തെ 34 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകളാണ് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയത്. ഇതില്‍ നിന്നും ഉണ്ടാക്കിയ ചുരുക്കപ്പട്ടികയിലാണ് ബെഹ്‌റയും ഉള്‍പ്പെട്ടിരിക്കുന്നത്. 

1984, 85, 86 ബാച്ചുകളിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എന്‍ഐഎയിലെ പ്രവര്‍ത്തന മികവാണ് ബെഹ്‌റയെ പരിഗണിക്കാന്‍ കാരണം. ബെഹ്‌റയെ കൂടാതെ, ആ ബാച്ചിലെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കും പട്ടികയിലുണ്ട്. കൂടാതെ, ദേശീയ അന്വേഷണ ഏജന്‍സി മേധാവിയും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇഷ്ടക്കാരനുമായ വൈ സി മോഡിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുള്‍പ്പെട്ട സമിതിയാണ് സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത്. 

ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോരിനെ തുടര്‍ന്ന് സിബിഐ ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. നിലവിലെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ രണ്ടുവര്‍ഷ കാലാവധി ഫെബ്രുവരി രണ്ടിന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.  

കേരളത്തില്‍ നിന്നും ബെഹ്‌റയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉന്നത പദവികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഇരുവരെയും പരിഗണിക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com