"പന്ന്യന്‍ രവീന്ദ്രന്റെ കണ്ണടയ്ക്ക് 90 രൂപയേ ഉള്ളൂ"

ഇങ്ങനെയും ഇപ്പോള്‍ കണ്ണട വാങ്ങുന്നവരുണ്ട്
"പന്ന്യന്‍ രവീന്ദ്രന്റെ കണ്ണടയ്ക്ക് 90 രൂപയേ ഉള്ളൂ"

തിരുവനന്തപുരം : കണ്ണട വിവാദം രാഷ്ട്രീയ- സാമൂഹ്യ രംഗത്തെല്ലാം ചൂടേറിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതിനിടെ മുന്‍ എംപിയും സിപിഐ നേതാവുമായ പന്ന്യന്‍ രവീന്ദ്രന്‍ കണ്ണട വാങ്ങിയ കഥ പുറത്തുവന്നിരിക്കുന്നു. പന്ന്യന്റെ കണ്ണടയ്ക്ക് 90 രൂപ മാത്രമേ ചിലവായൂള്ളൂ. ആരോഗ്യമന്ത്രിയും സ്പീക്കറുമെല്ലാം പതിനായിരക്കണക്കിന് രൂപയുടെ കണ്ണട വാങ്ങിയപ്പോഴാണ്, കണ്ണടയിലെ പന്ന്യന്റെ ലാളിത്യം പുറത്തുവന്നത്. സുജിത് നായര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇ്കാര്യം വ്യക്തമാക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കണ്ണടവിവാദത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ സിപിഐയുടെ ഉന്നതനായ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സഹജമായ നിഷ്‌കളങ്കതയോടെ പറഞ്ഞു. '' ഈ കണ്ണട ബിസിനസില്‍ തന്നെ എല്ലാവരേം വിശ്വസിക്കാന്‍ പറ്റില്ല. ഓരോ കടേലും ഓരോ രീതിയാണ്. എനിക്കനുഭവമുണ്ട്'' 
എന്തു പറ്റിയെന്നു ഞാന്‍ ചോദിച്ചു. രവിയേട്ടന്‍ കുറച്ചുനാള്‍ മുമ്പ് തിരുവനന്തപുരത്ത് റീഡിങ് ഗ്‌ളാസ് വാങ്ങാന്‍ പോയി. ഇഷ്ടപ്പെട്ട ഒന്നിനു വില ചോദിച്ചപ്പോള്‍ 650 രൂപ. ' ''ഇത്രയൊന്നും എന്റെ കയ്യില്‍ തരാനില്ലപ്പായെന്ന് പറഞ്ഞു'' 
അപ്പോള്‍ വാങ്ങിച്ചില്ലേ? ഞാന്‍ ചോദിച്ചു. 
''അല്ലല്ല, അവിടുന്നു വാങ്ങിയില്ല. വേറെ കടേല്‍പോയി'' 
എന്നിട്ട്? 
'' 90 രൂപേടെ അവിടെ ഉണ്ടായിരുന്നു. ഒരു കുഴപ്പോമില്ല'' 
'' 90 രൂപയ്ക്ക് ഇക്കാലത്ത് കണ്ണട കിട്ടുമോ?' 
''റീഡിങ് ഗ്‌ളാസ് കിട്ടും. ആറുമാസം മുമ്പാണ് ആദ്യം അതു വാങ്ങിയത്.കയ്യില്‍ നിന്നു കളഞ്ഞുപോയപ്പോള്‍ കുറച്ചുദിവസം മുമ്പ് വീണ്ടും അതേ കടേല്‍ പോയി. 10 രൂപ പക്ഷെ, കൂടി. 100 രൂപയ്ക്കു കിട്ടി. എനിക്കു ധാരാളം!'

സിപിഐയുടെ കേന്ദ്രസെക്രട്ടേറിയറ്റ് അംഗവും മുന്‍ ലോക്‌സഭാംഗവുമാണ് ഈ മനുഷ്യന്‍! ഇങ്ങനെയും ഇപ്പോള്‍ കണ്ണട വാങ്ങുന്നവരുണ്ട്. ആ റീഡിങ് ഗ്‌ളാസുകൊണ്ട് ഈ കുറിപ്പ് വായിച്ച്, എന്തു പറയും എന്നതിലൊരു കൗതുകം ഇപ്പോഴുണ്ട്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com