താമസം മാറുന്നതിനനുസരിച്ച് ഇനി കാര്‍ഡ് മാറ്റേണ്ട; എവിടെ നിന്നും വാങ്ങാം ഇനി റേഷന്‍

കാസര്‍കോട്ട് താമസിക്കുന്ന ഒരാള്‍ തിരുവനന്തപുരത്ത് ജോലിക്ക് വന്നാല്‍ നാട്ടിലെ കാര്‍ഡുപയോഗിച്ച് തൊട്ടടുത്ത റേഷന്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാം.
താമസം മാറുന്നതിനനുസരിച്ച് ഇനി കാര്‍ഡ് മാറ്റേണ്ട; എവിടെ നിന്നും വാങ്ങാം ഇനി റേഷന്‍


തിരുവനന്തപുരം: ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത റേഷന്‍ കാര്‍ഡുണ്ടെങ്കില്‍  ഇഷ്ടമുള്ള റേഷന്‍കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാം. ഈ സൗകര്യം മുമ്പേയുണ്ടെങ്കിലും ആരും പൊതുവേ ഉപയോഗിക്കാറില്ല. ഇതേ തുടര്‍ന്ന്   പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് ഭക്ഷ്യ പൊതുവിതരണവകുപ്പ് ഉത്തരവിറക്കി.

 പുതിയ തീരുമാനപ്രകാരം താമസം മാറുന്നതിനനുസരിച്ച് കാര്‍ഡ് മാറ്റേണ്ട. കാസര്‍കോട്ട് താമസിക്കുന്ന ഒരാള്‍ തിരുവനന്തപുരത്ത് ജോലിക്ക് വന്നാല്‍ നാട്ടിലെ കാര്‍ഡുപയോഗിച്ച് തൊട്ടടുത്ത റേഷന്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങാം. റേഷന്‍ കാര്‍ഡ് ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചവര്‍ക്കേ സൗകര്യം ഉപയോഗിക്കാനാകൂ. ആധാര്‍ ലിങ്കിങ്ങിനുള്ള സൗകര്യം ഇപ്പോള്‍ കടകളിലുണ്ട്. വീടിനടുത്ത് റേഷന്‍ഷോപ്പ് തുറന്നില്ലെങ്കിലോ, തിരക്കാണെങ്കിലോ അടുത്ത കടയില്‍ പോയി സാധനം വാങ്ങാം. നല്ല പെരുമാറ്റം ലഭിക്കുന്നില്ലെങ്കില്‍ അത്തരം കടകളെയും ഒഴിവാക്കാം.

കൂടുതല്‍ കച്ചവടം നടന്നാല്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നതിനാല്‍  കടക്കാര്‍  സേവനത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ മത്സരം നടത്താന്‍ നിര്‍ബന്ധിതരാകും. സംസ്ഥാനത്ത് ഒന്നര ലക്ഷംപേര്‍ നിലവില്‍ പോര്‍ട്ടബിള്‍ സൗകര്യം ഉപയോഗപ്പെടുത്തി. സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com