നടക്കാന്‍ പ്രയാസമെന്ന് തിലകന്‍ പറഞ്ഞു, കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ കഥാപാത്രത്തിന് വടി നല്‍കി; തിലകനുമായി എന്നും നല്ലബന്ധമെന്ന് മോഹന്‍ലാല്‍ 

താന്‍ സംഘടന ഭാരവാഹി ആയതിന് ശേഷം നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മയില്‍ ഉയര്‍ന്നുവന്നിട്ടില്ലെന്ന് നടന്‍ മോഹന്‍ ലാല്‍
നടക്കാന്‍ പ്രയാസമെന്ന് തിലകന്‍ പറഞ്ഞു, കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ കഥാപാത്രത്തിന് വടി നല്‍കി; തിലകനുമായി എന്നും നല്ലബന്ധമെന്ന് മോഹന്‍ലാല്‍ 

കൊച്ചി: താന്‍ സംഘടന ഭാരവാഹി ആയതിന് ശേഷം നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മയില്‍ ഉയര്‍ന്നുവന്നിട്ടില്ലെന്ന് നടന്‍ മോഹന്‍ ലാല്‍. ഇനി ഒന്നും ചെയ്യാന്‍ കഴിയാത്ത കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അദ്ദേഹം മഹാനായ നടനാണെന്ന് പറഞ്ഞ മോഹന്‍ലാല്‍ കിളിച്ചുണ്ടന്‍ മാമ്പഴം ഉള്‍പ്പെടെയുളള സിനിമകളില്‍ അദ്ദേഹവുമായി നല്ലനിലയിലാണ് സഹകരിച്ചിരുന്നത് എന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് തനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തിലകന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശാരീരിക അവശതകള്‍ കണക്കിലെടുത്ത് തിലകന്റെ റോളില്‍ മാറ്റം വരുത്തുകയായിരുന്നു. വടി കുത്തിപിടിച്ചു നടക്കുന്ന തരത്തിലാണ് റോളില്‍ മാറ്റം വരുത്തിയത്. സിനിമയില്‍ പ്രാധാന്യമുളള വേഷമാണ് തിലകന്‍ കൈകാര്യം ചെയ്തിരുന്നത്. തന്റെ നിര്‍മ്മാണ കമ്പനിയാണ് സിനിമ നിര്‍മ്മിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്ത നടപടിയെ പൊതുയോഗത്തില്‍ ആരും എതിര്‍ത്തില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.  എന്നാല്‍ നടിയെ ആക്രമിച്ച കേസ് പൂര്‍ത്തിയാകുന്നതുവരെ സംഘടനയിലേക്ക് തിരിച്ചില്ലെന്ന് നടന്‍ ദിലീപ് വ്യക്തമാക്കിയതോടെ സാങ്കേതികമായി അദ്ദേഹം പുറത്തുതന്നെയാണെന്നും മോഹന്‍ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗം വീണ്ടും ചേര്‍ന്ന് ഡബ്ല്യൂസിസി ഉള്‍പ്പെടെയുളളവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

താരസംഘടനയുടെ വാര്‍ഷിക പൊതുയോഗത്തില്‍ നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി മോഹന്‍ ലാല്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. പൊതുയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ ആരും പ്രതിഷേധം രേഖപ്പെടുത്തിയില്ല. അമ്മ അംഗങ്ങളില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്. പൊതുയോഗത്തില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും തടസ്സമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിമാരായ ഭാവനയും രമ്യനമ്പീശനും മാത്രമാണ് രാജിക്കത്ത് നല്‍കിയത്. മറ്റാരുടെയും രാജിക്കത്ത് ലഭിച്ചിട്ടില്ല. രാജി നല്‍കിയവരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ ജനറല്‍ ബോഡിയാണ് തീരുമാനമെടുക്കേണ്ടത്. സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തി എന്ന് ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പരാതി എഴുതി നല്‍കിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംഘടന ഇപ്പോഴും ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതില്‍ ആര്‍ക്കും പങ്കുണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥന. കേസില്‍ ദിലീപ് കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കടുത്ത സമ്മര്‍ദത്തിന്റെ പുറത്താണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയത്.  വൈകാരികമായ തീരുമാനമായിരുന്നു അത്. നിയമപരമായി നിലനില്‍ക്കില്ലെന്ന് പിന്നിട് ബോധ്യപ്പെട്ടത്. സംഘടനയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. 2017ല്‍ അമ്മ പിളര്‍പ്പിന്റെ വക്കിലെത്തി എന്നും മോഹന്‍ലാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com