വീക്ഷണം മുഖപ്രസംഗം പാര്‍ട്ടി നിലപാടല്ല; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം ഹസ്സന്‍

വീക്ഷണം മുഖപ്രസംഗം പാര്‍ട്ടി നിലപാടല്ല; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം ഹസ്സന്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിന് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിന് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ നിലപാടല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍. മുഖപ്രസംഗം വന്നതിനെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 കോണ്‍ഗ്രസ് ജഡാവസ്ഥയിലെന്ന് കുറ്റപ്പെടുത്തിയായിരുന്നു മുഖപ്രസംഗം വന്നത്. പാര്‍ട്ടിക്കും യുഡിഎഫ് മുന്നണിക്കും കായചികിത്സ നടത്തേണ്ട സമയമായി. അണ്ടനും അടകോടനും നേതാവാകുന്ന അവസ്ഥയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍. ഗ്രൂപ്പുതാത്പര്യമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടി പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ പരാജയമാണ് നേരിട്ടത്.യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് റെക്കോഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി നേരിട്ട് ദിവസങ്ങള്‍ മാത്രം കഴിയും മുന്‍പ് മുഖപത്രവും രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 

ബൂത്ത് തലം മുതല്‍ താഴെത്തട്ടില്‍ പാര്‍ട്ടി നിര്‍ജീവാവസ്ഥയിലാണ്. താഴെത്തട്ടിലുളള പുന:സംഘടനയ്ക്ക്ആര്‍ക്കും താത്പര്യമില്ല. നേതാക്കളുടെ പെട്ടിയെടുക്കുന്നവരെ ഒഴിവാക്കി സല്‍പ്പേരും സുതാര്യജീവിതവുമുളളവരെ നേതാക്കളാക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. നേതൃത്വം വിപ്ലവവീര്യമുളള യുവാക്കള്‍ക്ക് കൈമാറണമെന്ന ആവശ്യവും വീക്ഷണം മുന്നോട്ടുവെയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com