കരുതല്‍ തടങ്കല്‍ ഒഴിവാക്കണം ; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കുവേണ്ടി ശുപാര്‍ശയുമായി ഇടത് എംഎല്‍എമാര്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സിന് പിന്തുണയുമായാണ്  പി ടി എ റഹീമും കാരാട്ട് റസാഖും രംഗത്തെത്തിയത്
കരുതല്‍ തടങ്കല്‍ ഒഴിവാക്കണം ; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കുവേണ്ടി ശുപാര്‍ശയുമായി ഇടത് എംഎല്‍എമാര്‍

കോഴിക്കോട് : കള്ളക്കടത്ത് പ്രതിക്ക് ശുപാര്‍ശയുമായി ഇടത് എംഎല്‍എമാര്‍ രംഗത്ത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബു ലെയ്‌സിന് പിന്തുണയുമായാണ് ഇടതു സ്വതന്ത്രന്മാരായ പിടിഎ റഹീമും കാരാട്ട് റസാഖും രംഗത്തെത്തിയത്. കോഫെപോസെ പ്രകാരമുള്ള  കരുതല്‍ തടങ്കലില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആഭ്യന്തര വകുപ്പിന് എംഎല്‍എമാര്‍ ശുപാര്‍ശ ചെയ്തത്. 

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കാണ് എംഎല്‍എമാര്‍ കത്ത് നല്‍കിയത്. കോഫെ പോസെ ചുമത്തി ഒരു വര്‍ഷം കഴിഞ്ഞുവെന്നും അതിനാല്‍ അബുലെയ്‌സിനെതിരായ കോഫെപോസെ ചാര്‍ജ് ഒഴിവാക്കണമെന്നുമായിരുന്നു എം.എല്‍.മാരുടെ അപേക്ഷ. എന്നാല്‍ അറസ്റ്റു നടക്കുന്ന സമയം കണക്കുകൂട്ടിയാണ് ഒരു വര്‍ഷം പരിഗണിക്കുന്നതെന്ന് കണ്ടെത്തി ആഭ്യന്തര വകുപ്പ് അപേക്ഷകള്‍ തള്ളി.

കരിപ്പൂര്‍ വിമാനത്താവളം വഴി 35 കിലോ സ്വര്‍ണം കടത്തിയ കേസില്‍ 2014 ഫെബ്രുവരിയിലാണ് അബു ലെയ്‌സിന്റെ പേരില്‍ ഡി.ആര്‍.ഐ ഒരു വര്‍ഷം മുന്‍കരുതുല്‍ തടങ്കലിന് വകുപ്പുള്ള കൊഫെ പോസെ ചമുത്തിയത്. ഒളിവില്‍ പോയ അബു ലെയ്‌സിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അനധികൃതമായി കേരളത്തിലെത്തിയ അബുലെയ്‌സിനെ ഡി.ആര്‍.ഐ അറസ്റ്റു ചെയ്തു. ഇയാളിപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. 

അതേസമയം അബു ലെയ്‌സിന്റെ പിതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ശുപാര്‍ശ നല്‍കിയതെന്ന് കാരാട്ട് റസാഖ് പ്രതികരിച്ചു. മണ്ഡലത്തിലെ വോട്ടര്‍ ആയതിനാലാണ് താന്‍ ശുപാര്‍ശ കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കാരാട്ട് റസാഖും അബു ലെയ്‌സും ദുബായില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തായിരുന്നു. എംഎല്‍എ എന്ന നിലയില്‍ നിയമപരമായ ഇടപെടല്‍ നടത്തുക മാത്രമാണ് ചെയ്തതെന്ന് പിടിഎ റഹീമും അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com