ആളെക്കൂട്ടി നാമജപത്തെ മുദ്രാവാക്യം ആക്കുന്നവര്‍ക്ക് മാത്രമേ പ്രയാസമുളളൂ, ഭക്തര്‍ക്ക് ഒരു നിരോധനവുമില്ല; കോടതിക്ക് കാര്യങ്ങള്‍ ബോധ്യമായതായി കടകംപളളി 

ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍
ആളെക്കൂട്ടി നാമജപത്തെ മുദ്രാവാക്യം ആക്കുന്നവര്‍ക്ക് മാത്രമേ പ്രയാസമുളളൂ, ഭക്തര്‍ക്ക് ഒരു നിരോധനവുമില്ല; കോടതിക്ക് കാര്യങ്ങള്‍ ബോധ്യമായതായി കടകംപളളി 

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇടയാക്കിയ സാഹചര്യം ഹൈക്കോടതിക്ക് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവെന്നും കടകംപളളി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആളെക്കൂട്ടി നാമജപത്തെ മുദ്രാവാക്യം ആക്കുന്നവര്‍ക്ക് മാത്രമേ പ്രയാസമുളളു. ശബരിമലയില്‍ യാതൊരുവിധ നിരോധനവുമില്ലെന്ന് ഭക്തര്‍ക്ക് അറിയാമെന്നും കടകംപളളി പറഞ്ഞു.

ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടയാക്കിയ സാഹചര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം തുടരാമെന്ന് കോടതി വ്യക്തമാക്കിയത്. നടപ്പന്തലില്‍ സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് വിരി വെയ്ക്കാമെന്ന് പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ചില കാര്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത് സാമൂഹ്യവിരുദ്ധരുടെയും അക്രമികളുടെയും താവളമായി ശബരിമല മാറി എന്നതുകൊണ്ട് മാത്രമാണ് .യാതൊരു നിരോധനവുമില്ല എന്ന് ഭക്തജനങ്ങള്‍ക്ക് നന്നായി അറിയാം. നാളിതുവരെ ഇല്ലാത്ത വിധം നല്ലനിലയില്‍ ക്ഷേത്രദര്‍ശനം സാധ്യമാകുന്നുവെന്നാണ് ഭക്തര്‍ പറയുന്നത്. അയ്യപ്പദര്‍ശനത്തിന് സാധിക്കുന്നു. പൂജ നടത്താനും സാധിക്കുന്നു. ഒരു പ്രയാസവുമില്ലെന്ന് ഭക്തര്‍ പറയുന്നതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമലയിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നിരിക്ഷകരെ നിയോഗിച്ചത് നല്ലതാണ് . ഇപ്പോള്‍ തന്നെ ഒരു കമ്മീഷണര്‍ ഇവിടെയുണ്ട്. കോടതിയുടെ തന്നെ തീരുമാനം അനുസരിച്ച് ജില്ലാ ജഡ്ജി കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇദ്ദേഹം എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ തന്നെ അവിടെ നടക്കുന്ന കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്. ഇപ്പോള്‍ മൂന്നംഗസമിതി കൂടി വരുമ്പോള്‍ കുറേകൂടി നല്ലരീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍  സഹായകമാകുമെന്ന് കടകംപളളി പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com