ഹോമിയോ ചികിത്സ രാജ്യത്തിന് അപമാനം, കോടിക്കണക്കിനു രൂപയും ആയിരക്കണക്കിനു ജീവനും നഷ്ടമാക്കുന്നു, നിരോധിക്കണമെന്ന് ഐഎംഎ പ്രധാനമന്ത്രിയോട്

ഹോമിയോ രാജ്യത്തിന് അപമാനം, കോടിക്കണക്കിനു രൂപയും ആയിരക്കണക്കിനു ജീവനും നഷ്ടമാക്കുന്നു, നിരോധിക്കണമെന്ന് ഐഎംഎ പ്രധാനമന്ത്രിയോട്
ഹോമിയോ ചികിത്സ രാജ്യത്തിന് അപമാനം, കോടിക്കണക്കിനു രൂപയും ആയിരക്കണക്കിനു ജീവനും നഷ്ടമാക്കുന്നു, നിരോധിക്കണമെന്ന് ഐഎംഎ പ്രധാനമന്ത്രിയോട്


കൊച്ചി: ഹോമിയോ ചികിത്സ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന് അപമാനമെന്നും ഇതു നിരോധിക്കേണ്ടതാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളഘടകം. കേരളത്തില്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നടന്നുവരുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഹോമിയോ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഐഎംഎ കേരള ഘടകം സെക്രട്ടറി ഡോ. സുല്‍ഫി നൂഹു പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്‌തെഴുതിയ തുറന്ന കത്തില്‍ ആരോപിച്ചു. 

കേരത്തിലെ ഡോക്ടര്‍മാരും പൊതു സമൂഹവും നേരിടുന്ന ഒരു കടുത്ത വെല്ലുവിളി അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടു വരുവാനാണ് ഈ കത്തെന്ന് ഡോ. സുല്‍ഫി പറയുന്നു. കേരളം, വെള്ളപ്പൊക്കത്തിനു ശേഷം കടുത്ത എലിപ്പനി അഥവാ ലെപ്‌ടോ സ്പിറോസിസ് ഭീഷണിയും ഡെങ്കി പനി ഭീഷണിയും നേരിടുകയാണ്. ഇതിനകം ഒട്ടേറെ ജീവനുകള്‍ ഈ രോഗത്താല്‍ നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്കം മൂലം നഷ്ടപ്പെട്ടവ 500 ല്‍ പരം ജീവനുകളെക്കാള്‍ കൂടുതല്‍ ഈ എലിപ്പനിയും ഡെങ്കിപ്പനി യും കൊണ്ടുപോകുമോ എന്നും ഭയക്കുന്നു .

ലക്ഷ കണക്കിന് ആള്‍ക്കാരാണ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത് എന്നത് വളരെ പ്രസക്തമായ കാര്യമാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ എലിപ്പനി തടയാന്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക 200 എംജി ആഴ്ചയില്‍ ഒന്നു വീതം 6 ആഴ്ച കഴിക്കുന്നത് വളരെ വിജയമാണ് എന്നു ലോകത്തെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഹോമിയോ ചികിത്സ നടത്തുന്നവര്‍ 
ചില മരുന്നുകള്‍, എലിപ്പനി,ഡെങ്കിപ്പനി തുടങ്ങിയവ തടയുമെന്നു പറഞ്ഞു പരത്തി ഈ മരുന്നുകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഇതു മൂലം ഏറെ ആള്‍ക്കാരും ശരിയായ പ്രതിരോധം ലഭിക്കുന്ന ഡോക്‌സി സൈക്ലിന്‍ കഴിക്കാതെ,കൊതുക് നിയന്ത്രണം ശ്രദ്ധിക്കാതെ ഇതില്‍ പെട്ടു പോകുന്നത് മരണം ക്ഷണിച്ചു വരുത്തും.

അങ്ങേക്ക് അറിവുള്ളത് പോലെ ഈ ഹോമിയോ ചികിത്സ രീതികള്‍ മറ്റനേകം രാജ്യങ്ങളില്‍ നിരോധിച്ചതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയ,ഇംഗ്‌ളണ്ട് എന്തിനേറെ ഈ ചികില്‍സക്കു തുടക്കം കുറിച്ച ജര്‍മനിയില്‍ പോലും ഇതു നിരോധിച്ചു കഴിഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിച്ചു ശരിയായ, ശാസ്ത്രീയ ചികില്‍സ എടുക്കുന്നതിനു ഹോമിയോ തടസം നില്‍ക്കുകയാണ്.

കോടിക്കണക്കിന് രൂപ ചെലവാക്കുന്ന ഈ ചികില്‍സ രീതി നമുക്ക് ഒഴിവാക്കാന്‍ കഴിയേണ്ടതല്ലേയെന്നാണ് ഡോ. സുല്‍ഫി കത്തില്‍ ചോദിക്കുന്നത്. മറ്റു രാജ്യങ്ങളെപ്പോലെ  നമ്മളും ഹോമിയോ നിരോധിക്കേണ്ടതല്ലേ? അങ്ങനെ ആയിരക്കണക്കിന് ജീവനുകള്‍ നമുക്ക് രക്ഷിക്കാന്‍ കഴിയില്ലേ? കോടിക്കണക്കിന് രൂപയും നമുക്ക് ലാഭിച്ചുകൂടെ. ഹോമിയോ പഠിച്ച ആള്‍ക്കാര്‍ക്ക് പ്രത്യേക റീസെര്‍വഷന്‍ നല്‍കി ആധുനിക വൈദ്യശാസ്ത്ര ബിരുദ പഠനത്തിന് (എം.ബി.ബി.എസ്.)ചേര്‍ത്ത് അവരുടെ തൊഴില്‍ പ്രശ്‌നം പരിഹരിച്ചു കൂടെ.അവര്‍ക്ക് ശരിയായ കോഴ്‌സ് പഠിച്ചു തന്നെ ചികിത്സ രംഗത്തു വരാമല്ലോ. ഘട്ടം ഘട്ടമായി ഹോമിയോ പഠന കോഴ്‌സുകള്‍ നിര്‍ത്തുകയും ആവാം.

ഈ ചികില്‍സ രീതി, മിന്നല്‍ വേഗത്തില്‍ പുരോഗമിക്കുന്ന ,ഭാരതത്തിനു അപമാനമാകുമോ എന്നു ഞങ്ങള്‍ ഭയക്കുന്നു. കേരളത്തില്‍ മാത്രമല്ല ഭാരതം എമ്പാടും ഇതു നിരോധിക്കണം.

ഈ അശാസ്ത്രീയ ചികിത്സ നിരോധിച്ചുതന്നാല്‍ പ്രധാനമന്ത്രി കേരളത്തില്‍ വീണ്ടും വരുമ്പോള്‍ എലിപ്പനിയും ഡെങ്കിയുമില്ലാത്ത കേരളം ഉറപ്പുതരുന്നതായും ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com