കുമ്മനത്തിന് തെറ്റി; വിദ്യാര്‍ത്ഥികളെ കരുതി അഴിമതിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് വി. മുരളീധരന്‍; മെഡിക്കല്‍ ബില്ലില്‍ ബിജെപിയിലും ഭിന്നത

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ ബില്ല് പാസാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചതിനെച്ചൊല്ലി ബിജെപിയിലും ഭിന്നത.
കുമ്മനത്തിന് തെറ്റി; വിദ്യാര്‍ത്ഥികളെ കരുതി അഴിമതിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് വി. മുരളീധരന്‍; മെഡിക്കല്‍ ബില്ലില്‍ ബിജെപിയിലും ഭിന്നത

കൊച്ചി: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കാന്‍ ബില്ല് പാസാക്കിയ ഇടതുപക്ഷ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചതിനെച്ചൊല്ലി ബിജെപിയിലും ഭിന്നത. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തള്ളി വി.മുരളീധരന്‍ എംപി രംഗത്ത് വന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി കരുതി അഴിമതിക്ക് കൂട്ടുനില്‍ക്കാനാകില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ  കുമ്മനത്തിന്റെ നിലപാട് തെറ്റിദ്ധാരണ മൂലമെന്നും മുരളീധരന്‍ പറഞ്ഞു. 

വി.ടി ബല്‍റാം ഒഴികെയുള്ള നിയമസഭാ സാമാജികരുടെ പിന്തുണയോടെയാണ് മെഡിക്കല്‍ കോളജ് ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. ബിജെപിയുടെ ഒരേയൊരു എംഎല്‍എ ഒ.രാജഗോപാലും ബില്ലിന് അനുകൂലമായിരുന്നു. ഇതിനെ ന്യായീകരിച്ച് കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി ഓര്‍ത്താണ് ബില്ലിനെ പിന്തുണച്ചത് എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. 

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളില്‍  വിദ്യാര്‍ത്ഥി പ്രവേശനം സാധൂകരിക്കാനുള്ള ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബില്ല് പാസാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ രൂക്ഷഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ഓര്‍ഡിനന്‍സിന് പകരമായി നിയമസഭ പാസാക്കിയ ബില്‍ നിയമവിരുദ്ധമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016-17 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓര്‍ഡിനന്‍സെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് കോടതി പറഞ്ഞിരുന്നു. അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്ന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. ബില്‍ ഗവര്‍ണര്‍ക്ക് അയച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചാല്ലെ പ്രതികരിക്കാനാകൂവെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ബില്ലില്‍ ഭരണഘടനാവിരുദ്ധമായി ഏന്തെങ്കിലും ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com