വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യു എന്ന് ചോദിച്ചാല്‍ യാത്രക്കാരന്‍ പിറ്റേന്നും കെഎസ്ആര്‍ടിസിയില്‍ കയറും: തച്ചങ്കരി

കയ്യും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെഎസ്ആര്‍ടിസി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. കെഎസ്ആര്‍ടിസി ഉണ്ടാക്കിയതു തൊഴിലാളികള്‍ക്കു വേണ്ടിയല്ല, യാത്രക്കാര്‍ക്കു വേണ്ടിയാണ്
വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യു എന്ന് ചോദിച്ചാല്‍ യാത്രക്കാരന്‍ പിറ്റേന്നും കെഎസ്ആര്‍ടിസിയില്‍ കയറും: തച്ചങ്കരി

കൊച്ചി:  കെഎസ്ആര്‍ടിസി ജീവനക്കാര്‍ തൊഴില്‍ സംസ്‌കാരത്തില്‍ മാറ്റം വരുത്തണമെന്ന് സിഎംഡി ടോമിന്‍ ജെ. തച്ചങ്കരി. സ്ഥാപനത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തിട്ട്, ഞങ്ങള്‍ ഇങ്ങനെയായിരുന്നു എന്നു പറഞ്ഞാല്‍ അത് അനുവദിക്കാനാകില്ല. യാത്രക്കാരനോട് ഒരു വനിതാ കണ്ടക്ടര്‍ ഹൗ ആര്‍ യൂ എന്നു ചോദിച്ചാല്‍ പിറ്റേന്നും അയാള്‍ ആ കെഎസ്ആര്‍ടിസി ബസില്‍ തന്നെ കയറുമെന്നും തച്ചങ്കരി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഓരോ ദിവസവും ഓരോ ജീവനക്കാരന്റെയും ജോലി ചെയ്യാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവ
റായും കണ്ടക്ടറായും മെക്കാനിക്കായും ജോലി ചെയ്യും. ലാഭകരമായ റൂട്ടില്‍ മാത്രമേ കെഎസ്ആര്‍ടിസി ബസ് ഓടിക്കൂ. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാലും ഡീസല്‍ കാശും ഡ്രൈവര്‍ ബാറ്റയുമെങ്കിലും കിട്ടാതെ ബസ് നല്‍കില്ല. ഫ്‌ലെക്‌സി നിരക്ക് ഏര്‍പ്പെടുത്താനുള്ള അനുവാദം സര്‍ക്കാരിനോട് ചോദിക്കുമെന്നും തച്ചങ്കരി പറഞ്ഞു.

കെഎസ്ആര്‍ടിസി ലാഭത്തിലാക്കണമെന്ന് ആരും തന്നോടു നിര്‍ദേശിച്ചിട്ടില്ല. മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലുമല്ല. എന്നാല്‍, സ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ എന്തുചെയ്യാനും ഒരുക്കമാണ്. ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ശമ്പളം എന്ന സ്ഥിതി നടക്കില്ല. കെഎസ്ആര്‍ടിസി ഉണ്ടാക്കിയതു തൊഴിലാളികള്‍ക്കു വേണ്ടിയല്ല, യാത്രക്കാര്‍ക്കു വേണ്ടിയാണ്. അസുഖമുണ്ടെന്ന പേരില്‍ ഇവിടെ പലര്‍ക്കും ലളിതമായ ഡ്യൂട്ടിയിടുന്ന രീതിയുണ്ടായിരുന്നു. അതു നിര്‍ത്തലാക്കി. കയ്യും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെഎസ്ആര്‍ടിസി. ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദുഃഖങ്ങളും മാറ്റാന്‍ കെഎസ്ആര്‍ടിസിക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാരായ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെയാണ്. താന്‍ തൊഴിലാളികളുടെ പിതാവും കെഎസ്ആര്‍ടിസി മാതാവുമാണ്. അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ജീവനക്കാര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്നും തച്ചങ്കരി പറഞ്ഞു. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍  പ്രസംഗിക്കുയായിരുന്നു അദ്ദേഹം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com