നേതൃത്വത്തിന്റെ വാക്കിന് പുല്ലുവില; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വിഎച്ച്പി സമ്മേളനത്തില്‍ അധ്യക്ഷന്‍

ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് നിലപാട് എടുത്തിരുന്നു- പാര്‍ട്ടി പുറത്താക്കിയാല്‍ പ്രസിഡന്റാക്കുമെന്ന് ബിജെപി 
നേതൃത്വത്തിന്റെ വാക്കിന് പുല്ലുവില; കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വിഎച്ച്പി സമ്മേളനത്തില്‍ അധ്യക്ഷന്‍

കാസര്‍കോട്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വിഎച്ച്പി സംഘടിപ്പിച്ച് ഹിന്ദുസമ്മേളനത്തില്‍. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.

ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് നിലപാട് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ചാണ് കൃഷ്ണഭട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത്.

അതേസമയം വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് കൃഷ്ണഭട്ടിന്റെ പ്രതികരണം. അധ്യക്ഷ പ്രസംഗത്തില്‍ കൃഷ്ണഭട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. തീവ്രഹിന്ദുത്വവാദിയായ മധ്യപ്രദേശിലെ യുവ സന്യാസിനി ബാലസരസ്വതിയാണ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്തത്. ഒടിയൂര്‍ ഗുരുദത്ത, ഗുരുദേവാനന്ദ സ്വാമി, ഉത്തരകാശിയിലെ രാമചന്ദ്ര സ്വാമിതുടങ്ങിയ സംഘപരിവാര്‍ സന്യാസിമാരായിരുന്നു ആശംസ അര്‍പ്പിക്കാനെത്തിയത്.

19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിനും ലീഗിനും അഞ്ച് വീതം സീറ്റാണുള്ളത്. ബി.ജെ.പിക്ക് എട്ട് അംഗങ്ങളുണ്ട്. സി.പി.ഐ എമ്മിന് ഒരംഗമാണുള്ളത്. പുറത്താക്കിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറാണ് സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com