ചരിത്രമായി ഈ പെണ്‍പുലികള്‍: ഇവര്‍ കേരള പൊലീസിലെ ആദ്യ വനിത കമാന്‍ഡോകള്‍

ചരിത്രമായി ഈ പെണ്‍പുലികള്‍: ഇവര്‍ കേരള പൊലീസിലെ ആദ്യ വനിത കമാന്‍ഡോകള്‍

തൃശ്ശൂര്‍: കേരള പൊലീസിന്റെ ആദ്യ വനിത കമാന്‍ഡോ സേനയുടെ ഭാഗമായി. കൈയില്‍ എ.കെ. 47ഉം  കറുപ്പുവേഷമണിഞ്ഞ അവര്‍ 44 പേര്‍ ചൊവ്വാഴ്ച ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. ഒന്‍പതുമാസത്തെ കഠിന പരിശീലനത്തിലൂടെ മെയ്‌വഴക്കവും മനക്കരുത്തും നേടിയാണ് അവര്‍ സേനയുടെ ഭാഗമാകുന്നത്. തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിലെ മുഖ്യ ആകര്‍ഷണം വനിതാ കമാന്‍ഡോകളുടെ വിസ്മയപ്രകടനങ്ങളായിരുന്നു. കാട്ടിലും മേട്ടിലും തീയിലും വെള്ളത്തിലും നേടിയ സായുധപരിശീലനത്തിലെ അടവുകളെല്ലാം പെരുമഴയിലും ആവേശംചോരാതെ അവര്‍ പുറത്തെടുത്തു. കേരളത്തിലെ വനിതാ ബറ്റാലിയനിലേക്ക് ആദ്യമായി പരിശീലനം പൂര്‍ത്തിയാക്കിയ 578 വനിതകളില്‍പ്പെട്ടവരാണിവര്‍.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്. ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, െ്രെഡവിങ്, കമ്പ്യൂട്ടര്‍, ജംഗിള്‍ ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് എന്നിവയിലെല്ലാം പ്രാവീണ്യവും നേടി.

കമാന്‍ഡോകളില്‍ ഏറ്റവും മികവു തെളിയിച്ചത് എറണാകുളം പച്ചാളം സ്വദേശിനി ദയാപാര്‍വതിയാണ്. ബെസ്റ്റ് കമാന്‍ഡോ ആയി തെരഞ്ഞെടുക്കപ്പെട്ട ദയാപാര്‍വതിക്ക് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി. കറുത്ത പാന്റും ഷര്‍ട്ടും തലയില്‍ കറുത്ത കെട്ടും കൈയില്‍ യന്ത്രത്തോക്കുമായി എത്തിയ ദയാപാര്‍വതിയെ അമ്മ രാജത്തിനുപോലും തിരിച്ചറിയാനായില്ല. സാമ്പത്തിക ശാസ്ത്രത്തില്‍ 75 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം നേടിയ ദയാപാര്‍വതി ബാങ്കിലെ ഭേദപ്പെട്ട ജോലി ഉപേക്ഷിച്ചാണ് യൂണിഫോം സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

വനിതാ ബറ്റാലിയനിലേക്ക് ആദ്യമായി പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ 82 പേര്‍ ബിരുദാനന്തരബിരുദക്കാരാണ്. 19 പേര്‍ ബി.ടെക്, അഞ്ചുപേര്‍ എം.ബി.എ., നാലുപേര്‍ എം.സി.എ. ബിരുദങ്ങള്‍ നേടിയവരാണ്. 55 പേര്‍ ബിരുദാനന്തരബിരുദത്തോടൊപ്പം ബി.എഡ്., ഒരാള്‍ എം.എഡ്., 62 പേര്‍ ബിരുദത്തോടൊപ്പം ബി.എഡ്., മൂന്നുപേര്‍ ബിരുദത്തോടൊപ്പം ഡിപ്ലോമ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com