സര്‍ക്കാര്‍ സംവിധാനത്തിന് കെട്ടിപ്പിടിച്ചൊരുമ്മ; റേഷന്‍ കടയിലെ മാറ്റങ്ങള്‍ക്ക് കൈയടിച്ച് ശാരദക്കുട്ടി

സര്‍ക്കാര്‍ സംവിധാനത്തിന് കെട്ടിപ്പിടിച്ചൊരുമ്മ - റേഷന്‍ കടയിലെ മാറ്റങ്ങള്‍ക്ക് കൈയടിച്ച് ശാരദക്കുട്ടി
സര്‍ക്കാര്‍ സംവിധാനത്തിന് കെട്ടിപ്പിടിച്ചൊരുമ്മ; റേഷന്‍ കടയിലെ മാറ്റങ്ങള്‍ക്ക് കൈയടിച്ച് ശാരദക്കുട്ടി

കൊച്ചി: റേഷന്‍ കടയിലെ പുതിയ സര്‍ക്കാര്‍ സംവിധാനങ്ങളെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പുതിയ രീതികള്‍ ഉപഭോക്താക്കളുടെ അഭിമാനം വര്‍ധിപ്പിക്കുന്നു. നമുക്കവകാശപ്പെട്ട റേഷന്‍ വിവരങ്ങള്‍ മൊബൈലില്‍ മെസേജായി വരുന്നു. റേഷന്‍ കടയില്‍ ചെല്ലുന്നു. വിരല്‍ പതിപ്പിക്കുന്നു. അഭിമാനത്തോടെ ന്യായവിലയില്‍ സാധനങ്ങള്‍ വാങ്ങുന്നുവെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കാര്‍ഡുമായി കേരളത്തിലെവിടെ ചെന്നാലും നമ്മുടെ വിഹിതം നമുക്കു കിട്ടുമെന്നത് അനീതിക്കു കൂട്ടു നില്‍ക്കുന്ന റേഷന്‍ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന മാജിക് ഇന്നു ഞാന്‍ കണ്ടു. പകയും വിദ്വേഷവുമില്ലാത്ത ഈ വിഭവ വിതരണത്തിന് സൗകര്യമൊരുക്കിത്തന്ന സര്‍ക്കാര്‍ സംവിധാനത്തിന് കെട്ടിപ്പിടിച്ചൊരുമ്മയെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു


പോസ്റ്റിന്റെ പൂര്‍ണരൂപം

മുന്‍പും ഞാന്‍ റേഷനരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ എന്റെ വിഹിതം വാങ്ങാന്‍ ചെല്ലാറുണ്ട്. റേഷന്‍ കടയിലെ സ്ത്രീയുടെ നിന്ദയും പരിഹാസവും നിറഞ്ഞ നോട്ടവും കമന്റുകളും നേരിട്ടിട്ടുണ്ട്. നിങ്ങള്‍ക്കിപ്പോള്‍ ഇതൊക്കെ എന്തിനാന്നു ചോദിക്കുക, അനാവശ്യമായി കടയില്‍ വെയിറ്റ് ചെയ്യിക്കുക ഇതൊക്കെ പതിവായിരുന്നു. എങ്കിലും അവരോട് വഴക്കിനു നില്‍ക്കാറില്ല. എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തി ഞാന്‍ വീണ്ടും ചെല്ലും. ശാന്തമായി ഒഴിഞ്ഞ ഒരിടത്തു നില്‍ക്കും.

കസ്റ്റമേഴ്‌സിനെ എന്തിനാണ് റേഷന്‍ കടയുടമ വെറുക്കുന്നത്? എന്തിനായിരിക്കും? അതിലെന്തോ ഒരു കാര്യമുണ്ട്. വ്യക്തിപരമല്ല അത്. മാസത്തിലൊരു തവണ ഞാനാ നിന്ദ സഹിക്കുമായിരുന്നു.

അകാരണമായി നമ്മളോട് വെറുപ്പും മടുപ്പും പ്രകടിപ്പിക്കുന്നവരെ പ്രകോപിപ്പിക്കുന്നിടത്തോളം തമാശ ജീവിതത്തില്‍ മറ്റൊരിടത്തു നിന്നും കിട്ടില്ല.

എന്നാല്‍, റേഷന്‍ വിതരണ സംവിധാനത്തിലെ പുതിയ രീതികള്‍ ഉപഭോക്താക്കളുടെ അഭിമാനം വര്‍ദ്ധിപ്പിക്കുന്നു എന്നത് പറയാതെ വയ്യ.നമുക്കവകാശപ്പെട്ട റേഷന്‍ വിവരങ്ങള്‍ മൊബൈലില്‍ മെസേജായി വരുന്നു. റേഷന്‍ കടയില്‍ ചെല്ലുന്നു. വിരല്‍ പതിപ്പിക്കുന്നു. അഭിമാനത്തോടെ ന്യായവിലയില്‍ സാധനങ്ങള്‍ വാങ്ങുന്നു. ഇന്നെന്നെ കണ്ടതും സ്‌നേഹത്തോടെ, 'ഇപ്പോളെവിടെയാ കാണാറില്ലല്ലോ, മാഡത്തിന്റെ മോളെവിടെയാ പഠിക്കുന്നത്, ആട്ട രണ്ടു പാക്കറ്റു കൂടി എടുക്കട്ടെ...'.. എനിക്കും സന്തോഷം. അവര്‍ക്കും സന്തോഷം.

ഈ കാര്‍ഡും കൊണ്ട് കേരളത്തിലെവിടെ ചെന്നാലും നമ്മുടെ വിഹിതം നമുക്കു കിട്ടുമെന്നത് അനീതിക്കു കൂട്ടു നില്‍ക്കുന്ന റേഷന്‍ ഷോപ്പുടമകളെ മര്യാദക്കാരാക്കി മാറ്റുന്ന മാജിക് ഇന്നു ഞാന്‍ കണ്ടു. പകയും വിദ്വേഷവുമില്ലാത്ത ഈ വിഭവ വിതരണത്തിന് സൗകര്യമൊരുക്കിത്തന്ന സര്‍ക്കാര്‍ സംവിധാനത്തിന് കെട്ടിപ്പിടിച്ചൊരുമ്മ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com