വീടും വീട്ടുകാരെയും മറന്ന് ദുരിതബാധിതര്‍ക്ക് ഒപ്പം  കര്‍മ്മനിരതനായി വില്ലേജ് ഓഫീസര്‍; മകനെ തേടി 70 കിലോമീറ്റര്‍ താണ്ടി അമ്മ 

കോരിച്ചൊരിയുന്ന മഴ അവഗണിച്ച് 70 കിലോമീറ്റര്‍ താണ്ടി എത്തിയ അമ്മ ആദ്യം പരിഭവം കാണിച്ചെങ്കിലും പിന്നീട് മകന്‍ ചെയ്യുന്ന സേവനമോര്‍ത്ത് അഭിമാനം കൊണ്ടു
വീടും വീട്ടുകാരെയും മറന്ന് ദുരിതബാധിതര്‍ക്ക് ഒപ്പം  കര്‍മ്മനിരതനായി വില്ലേജ് ഓഫീസര്‍; മകനെ തേടി 70 കിലോമീറ്റര്‍ താണ്ടി അമ്മ 

അടിമാലി: മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി വീടും വീട്ടുകാരെയും മറന്ന് പ്രവര്‍ത്തിക്കുന്ന മകനെ തേടി ആ അമ്മയെത്തി. കോരിച്ചൊരിയുന്ന മഴ അവഗണിച്ച് 70 കിലോമീറ്റര്‍ താണ്ടി എത്തിയ അമ്മ ആദ്യം പരിഭവം കാണിച്ചെങ്കിലും പിന്നീട് മകന്‍ ചെയ്യുന്ന സേവനമോര്‍ത്ത് അഭിമാനം കൊണ്ടു. 

ഇന്നലെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍വച്ചാണ് അമ്മ മകനെ കണ്ടത്. മന്നാംകണ്ടം വില്ലേജ് ഓഫീസറായ തൊടുപുഴ ഇടവെട്ടി സ്വദേശി വി.ബി. ജയനെ തേടിയാണ് മാതാവ് അംബുജാക്ഷിയമ്മ എത്തിയത്. രാവിലെ  11 മണിയോടെയാണ് അംബുജാക്ഷിയമ്മ തനിയെ ബസില്‍ ടൗണിലെത്തിയത്. തിരക്കുമൂലം ജയന്‍ ഫോണെടുക്കാതിരുന്നതോടെയാണ് റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി കൂടിയായ അംബുജാക്ഷിയമ്മ അടിമാലിയിലെത്തിയത്. 

കഴിഞ്ഞ വ്യാഴാഴ്ച എട്ടുമുറിയില്‍ ഒരു കുടുംബത്തിലെ പിഞ്ചോമനകള്‍ അടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജയന് കാലില്‍ പരുക്കേറ്റിരുന്നു. അതു വകവയ്ക്കാതെ ക്യാമ്പുകളില്‍ ഓടി നടക്കുകയായിരുന്നു അദ്ദേഹം. ഇതോടെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കാലിലെ മുറിവ് പഴുത്തു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ നടത്തിയ ശേഷം കെട്ടിവച്ച കാലുമായാണ് ഇന്നലെ അമ്മയെ കണ്ടത്. ആദ്യം പരിഭവം പറഞ്ഞെങ്കിലും പിന്നീട് മകന്‍ ചെയ്യുന്ന സേവനമോര്‍ത്ത് ആ അമ്മയ്ക്ക് അഭിമാനം. 

സ്‌കൂളിന്റെ വരാന്തയില്‍ അമ്മയുമായി സംസാരിക്കുമ്പോഴും ജയന്റെ ഫോണിലേക്ക് ഔദ്യോഗിക കോളുകളുടെ പ്രവാഹമായിരുന്നു. ക്യാമ്പിലെ അംഗങ്ങളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്‌നേഹവും സഹകരണവും കണ്ടതോടെ ഉച്ചയ്ക്ക് മകനോടൊപ്പം ക്യാമ്പിലെ ബെഞ്ചിലിരുന്നു ഭക്ഷണം കഴിച്ച് വൈകുന്നേരത്തോടെയാണു മടങ്ങിയത്. 

രണ്ടു പതിറ്റാണ്ട് മുന്‍പ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ച ജയന്‍ 2001ല്‍ റവന്യൂ വകുപ്പില്‍ വില്ലേജ്മാന്‍, എല്‍.ഡി, യു.ഡി ക്ലാര്‍ക്ക് എന്നീ നിലകളില്‍ ജോലി ചെയ്ത ശേഷമാണ് രണ്ടു വര്‍ഷം മുന്‍പ് വില്ലേജ് ഓഫീസറായി മറയൂര്‍ കീഴാന്തൂരില്‍ എത്തിയത്. ഒന്നര വര്‍ഷം മുന്‍പ് മന്നാംകണ്ടത്തേക്കെത്തിയ ഇദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com