ഉയര്‍ന്ന ജാഗ്രതയോടെ ദുരന്തമുഖത്ത് താങ്ങായി നിങ്ങളുണ്ടാവണം; സിപിഎം പ്രവര്‍ത്തകരോട് കോടിയേരി ബാലകൃഷ്ണന്‍

പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ന്ന ബോധത്തോടെ, ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി 
ഉയര്‍ന്ന ജാഗ്രതയോടെ ദുരന്തമുഖത്ത് താങ്ങായി നിങ്ങളുണ്ടാവണം; സിപിഎം പ്രവര്‍ത്തകരോട് കോടിയേരി ബാലകൃഷ്ണന്‍

പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ന്ന ബോധത്തോടെ, ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കേരളത്തിന്റെ ചരിത്രത്തിലിന്നുവരെ കാണാത്ത വിധത്തിലുള്ള കാലവര്‍ഷക്കെടുതിയെയാണ് കേരളം അഭിമുഖീകരിക്കുന്നത്. മഴ വീണ്ടും കനക്കുക തന്നെയാണ്. ദുരന്തങ്ങള്‍ കൂടുകയും ചെയ്യുന്നു. എല്ലാ സിപിഎം പ്രവര്‍ത്തകരും ദുരന്തമുഖങ്ങളില്‍ ആശ്വാസമായി ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പേമാരി നിമിത്തം ജലനിരപ്പുയര്‍ന്നപ്പോള്‍ സംസ്ഥാനത്തെ എല്ലാ ഡാമുകളും തുറന്നിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം കൂടി തുറക്കേണ്ടി വന്നതോടെ വലിയ രീതിയിലുള്ള വെള്ളപ്പൊക്കഭീഷണിയും ദുരിതവും പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ സൂക്ഷിക്കണം. എല്ലാ ജില്ലകളിലും ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നല്ല ജാഗ്രതയോടെ നാടിനെ വീക്ഷിക്കാനും നാട്ടുകാരുടെ രക്ഷകരാകാനും നമുക്ക് സാധിക്കണം.

ദുരന്തമുഖത്ത് കേരളം പകച്ചുനില്‍ക്കുകയല്ല ചെയ്യുന്നത്. നാമെല്ലാം ഒറ്റക്കെട്ടായി ദുരിതപെയ്ത്തിനെ പ്രതിരോധിച്ചുകൊണ്ട് അതിജീവനത്തിനായുള്ള പോരാട്ടത്തിലാണുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാമെല്ലാം കുറെ ദിവസമായി സജീവമാണ്. ഇപ്പോള്‍ കുറച്ചുകൂടി സജീവമായ ഇടപെടല്‍ ആവശ്യമായ സ്ഥിതിയാണുള്ളത്. അതിനാല്‍ ഉയര്‍ന്ന ബോധത്തോടെ, ജാഗ്രതയോടെ പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. ദുരിതാശ്വാസ ക്യാമ്പുകളിലും താങ്ങായി ഉണ്ടാവണം.

സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിച്ച് മുന്നോട്ടുപോവുന്നത്. എവിടെയെങ്കിലും എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ സംയമനത്തോടെ അവിടങ്ങളില്‍ ഇടപെടുകയും പരിഹാരങ്ങള്‍ കാണുകയും വേണം. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചുകൊണ്ടാവണം നമ്മുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ കലക്ടര്‍മാരുമൊക്കെ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമായി വേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്.

ദുരിതബാധിത മേഖലകളില്‍ ഇടപെടല്‍ നടത്തുമ്പോള്‍ നല്ല ജാഗ്രത പാലിക്കേണ്ടതുണ്ട്. നമ്മുടെ രക്ഷാപ്രവര്‍ത്തനം ഒരു ദുരന്തമായി മാറരുത്. പരിചയമില്ലാത്ത കുത്തൊഴുക്കുകളിലും മണ്ണിടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും നിലയില്ലാത്ത വെള്ളക്കെട്ടുകളിലുമൊക്കെ ഇടപഴകുമ്പോള്‍ വളരെയേറെ സൂക്ഷിക്കണം-അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com