പ്രളയക്കെടുതി രൂക്ഷം: പത്തനംതിട്ട ജില്ല ഒറ്റപ്പെട്ടു

 കനത്ത മഴയിലും പ്രളയത്തിലും പത്തനംതിട്ട ജില്ല ഒറ്റപ്പെട്ടു.
പ്രളയക്കെടുതി രൂക്ഷം: പത്തനംതിട്ട ജില്ല ഒറ്റപ്പെട്ടു

പത്തനംതിട്ട:  കനത്ത മഴയിലും പ്രളയത്തിലും പത്തനംതിട്ട ജില്ല ഒറ്റപ്പെട്ടു. പത്തനംതിട്ട നഗരത്തിലേക്ക് കടക്കാനുള്ള ടികെ റോഡില്‍ തെക്കേമല മുതല്‍ പത്തനംതിട്ട വരെ മാത്രമേ വാഹനയാത്ര പറ്റൂ. പത്തനംതിട്ട, റാന്നി, എരുമേലി, പത്തനംതിട്ടപമ്പ, പത്തനംതിട്ടകോന്നിപുനലൂര്‍, പത്തനംതിട്ട കൈപ്പട്ടൂര്‍, അടൂര്‍ റോഡുകള്‍ ഇടമുറിഞ്ഞു. 

റാന്നിയില്‍നിന്ന് എരുമേലി, മല്ലപ്പള്ളി, പമ്പ, കോഴഞ്ചേരി, വലിയകാവ് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ മുങ്ങി. റാന്നിയും ഒറ്റപ്പെട്ടു. കോഴഞ്ചേരി വലിയപാലം അടച്ചു. ടികെ റോഡില്‍ ഗതാഗതം മുടങ്ങി. ഇതേ റോഡില്‍ നെല്ലാടും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.

കോഴഞ്ചേരി, ആറന്മുള, കുളനട, ആറന്മുള ചെങ്ങന്നൂര്‍ റോഡുകളും വെള്ളത്തിലാണ്. തിരുവല്ലയില്‍നിന്ന് മാവേലിക്കര, എടത്വാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് യാത്ര മുടങ്ങും. അപ്പര്‍ കുട്ടനാട് പൂര്‍ണമായും മുങ്ങി. കോഴഞ്ചേരി ടൗണ്‍ പൂര്‍ണമായും മുങ്ങി. പൊയ്യാനില്‍ പ്ലാസയിലെ 30 കടകള്‍ വെള്ളത്തിലായി. മുത്തൂറ്റ് ആശുപത്രിയിലെ രണ്ടാം നിലയുടെ പകുതി വരെ വെള്ളത്തിലായി. പാര്‍ക്കിങ് ഏരിയയിലെ നൂറുകണക്കിന് വാഹനങ്ങള്‍ മുങ്ങി.

കോഴഞ്ചേരി കീഴുകര, നെടുപ്രയാര്‍ ചരല്‍ക്കുന്ന്, അയിരൂര്‍ ചെറുകോല്‍പ്പുഴമുട്ടുമണ്‍, അരുവിക്കുഴ കുറിയന്നൂര്‍, പുല്ലാട് ഇളപ്പുങ്കല്‍ എന്നീ റോഡുകളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാവിലെ സൈന്യം, കുറിയന്നൂര്‍, പുളിമുക്ക് ഭാഗങ്ങളില്‍നിന്ന് നാല്‍പതോളം പേരേ ലൈഫ്‌ബോട്ടില്‍ രക്ഷപ്പെടുത്തി. പുല്ലാട്, ആറന്മുള ഭാഗങ്ങളില്‍ പല വീടുകളിലേയും രണ്ടാം നിലയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com