പ്രളയകാലത്ത് കാറില്‍ അപ്രതീക്ഷിത അതിഥി ; നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയത് വമ്പന്‍ പെരുമ്പാമ്പ്

കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്
പ്രളയകാലത്ത് കാറില്‍ അപ്രതീക്ഷിത അതിഥി ; നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയത് വമ്പന്‍ പെരുമ്പാമ്പ്

കോഴിക്കോട് :  പ്രളയകാലത്ത് വിളിക്കാതെ കാറില്‍ വന്നുകയറിയ അതിഥിയെ കണ്ട് വീ്ട്ടുകാര്‍ ഞെട്ടി. പത്തടി നീളമുള്ള വമ്പന്‍ പെരുമ്പാമ്പാണ് അപ്രതീക്ഷിത അതിഥിയായി എത്തിയത്.  കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അബ്ദുല്‍സലാമിന്റെ വീട്ടുമുറ്റത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല. അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250 മീറ്റര്‍ അകലെയാണ് സലാമിന്റെ വീട്. മഴ മാറിയതോടെ രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പല തവണ ശ്രമിച്ചിട്ടും കാര്‍ അനങ്ങിയില്ല.

തുടര്‍ന്ന് ബോണറ്റ് പൊക്കിനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഞെട്ടിപ്പോയ അബ്ദുല്‍സലാം നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെ പെരുമ്പാമ്പിനെ കാണാന്‍ ആളുകള്‍ കൂട്ടത്തോടെ സലാമിന്റെ വീട്ടിലേക്കെത്തി. വിവരം അറിഞ്ഞ് വനംവകുപ്പിന്റെ ജില്ലാകേന്ദ്രമായ മാത്തോട്ടം വനശ്രീയിലെ ഉദ്യോഗസ്ഥന്‍ എം എ ഹിജിത്ത് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

പത്തടി നീളവുമുള്ള പെരുമ്പാമ്പിന് 32 കിലോ തൂക്കമുണ്ട്. ഇരുപതുദിവസത്തോളം വനശ്രീയില്‍ പാര്‍പ്പിക്കുന്ന പെരുമ്പാമ്പിനെ പിന്നീട് വയനാട് മുത്തങ്ങയില്‍ ഉള്‍ക്കാട്ടില്‍ കൊണ്ടുപോയി വിടുമെന്ന് ഹിജിത്ത് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com