ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം ; വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശം ലഭിച്ചതായി മഠം ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ 

കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാനായിരുന്നു നിര്‍ദേശം
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം ; വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശം ലഭിച്ചതായി മഠം ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ 

കോട്ടയം : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാനായിരുന്നു നിര്‍ദേശം. മഠത്തിലെ ജീവനക്കാരനാണ് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്. മഠം ജീവനക്കാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. 

കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവാണ് വധഗൂഢാലോചന വെളിപ്പെടുത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയായ വൈദികന്റെ
സഹോദരനാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്നും പിന്റു പറഞ്ഞതായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കന്യാസ്ത്രീ സഞ്ചരിക്കുന്ന  വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കുന്നതിന് പുറമെ, ടയറിന്റെ വാല്‍ട്യൂബ് ലൂസാക്കണമെന്നും ജീവനക്കാരനോട് നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ ചെയ്യാന്‍ തന്റെ മേല്‍ നിരന്തരം കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ കന്യാസ്ത്രീ പോകുന്ന സ്ഥലങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങള്‍ വൈദികന്‍ മഠത്തിലെത്തി അന്വേഷിച്ചിരുന്നു. പല തവണ ഫോണിലൂടെയും വൈദികന്‍ ജീവനക്കാരനായ പിന്റുവുമായി സംസാരിച്ചിരുന്നു. നിരന്തരം ബന്ധപ്പെടുന്നതിനായി ഇയാള്‍ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയിരുന്നു. പൊലീസ് നിരീക്ഷണം ശക്തമായതോടെയാണ്, വൈദികന്‍ നേരിട്ട് ബന്ധപ്പെടാതായത്. ഇതിന് പിന്നാലെ വൈദികന്റെ സഹോദരന്‍ വാഹനം തകരാറിലാക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും പിന്റു അറിയിച്ചു.

ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജലന്ധര്‍ ബിഷപ്പ് ഹൗസിലെത്തി എട്ടുമണിക്കൂറോളം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുക്കാനോ, അറസ്റ്റ് ചെയ്യാനോ തയ്യാറായിരുന്നില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് നയം ബിഷപ്പിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള ആലോചനയിലായിരുന്നു കന്യാസ്ത്രീയുടെ കുടുംബം. ഇതിനിടെയാണ് പരാതിക്കാരിയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com