അതിജീവനത്തിന്റെ ആയിരം ക്യാന്‍വാസുകള്‍; ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വരച്ചു നേടിക്കൊടുത്തത് 6ലക്ഷം രൂപ

ചിത്രകാരുടെ കൂട്ടായ്മയായ കലാകാര്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നത് അഞ്ഞൂറ് ആര്‍ട്ടിസ്റ്റുകളുടെ ആയിരം ക്യാന്‍വാസുകള്‍ ഒരുക്കിയാണ്
അതിജീവനത്തിന്റെ ആയിരം ക്യാന്‍വാസുകള്‍; ദുരിതാശ്വാസ നിധിയിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വരച്ചു നേടിക്കൊടുത്തത് 6ലക്ഷം രൂപ

പ്രളയം തകര്‍ത്ത നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ ഒത്തൊരുമിച്ച് നീങ്ങുകയാണ് മലയാളികള്‍. ഓരോരുത്തരും തങ്ങളാല്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നു. ചിത്രകാരുടെ കൂട്ടായ്മയായ കലാകാര്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നത് അഞ്ഞൂറ് ആര്‍ട്ടിസ്റ്റുകളുടെ ആയിരം ക്യാന്‍വാസുകള്‍ ഒരുക്കിയാണ്. എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇതുവരെ ആറുലക്ഷം രൂപയാണ് പിരിഞ്ഞു കിട്ടിയിരിക്കുന്നത്.

നാടിനെ പുര്‍നിര്‍മ്മിക്കാനുള്ള പണം സ്വരൂപിക്കാനുള്ള ഈ ഉദ്യമത്തിന് സമൂഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് സംഘാടകരിലൊരാളായ ഹൊ ചിമിന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ആര്‍ട്ടിസ്റ്റുകള്‍ക്കും വലിയ ഊര്‍ജമാണ് പകരുന്നത്. മുപ്പതിന് പരിപാടി അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ആളുകളുടെ നിര്‍ബന്ധപ്രകാരം ഒരുദിവസംകൂടി നീട്ടിയിരിക്കുകയാണ്. വലിയ തിരക്കാണ് അനുഭപ്പെടുന്നത്. നാടിനെ കൈപിടിച്ചുയര്‍ത്താനുള്ള കൂട്ടായ പരിശ്രമമാണ് ഇവിടെ നടക്കുന്നത്.

ചിത്ര പ്രദര്‍ശനം ജനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നുണ്ട് എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവര്‍ വരെ എത്തുന്നു, ഇത് ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണ്. നമ്മുടെ സമൂഹത്തിന്റെ അതിജീവിക്കാനുള്ള കഴിവ് അപാരമാണ്. അതിന് കൂടുതല്‍ ശക്തിപകരാന്‍ കലാപ്രവര്‍ത്തകരും രംഗത്തുണ്ടാകും. ചിത്രം വരയ്ക്കുന്ന കലാപ്രവര്‍ത്തകരില്‍ പ്രളയം ബാധിച്ചവരുണ്ട്, വരച്ചുകൂട്ടിയ ചിത്രങ്ങള്‍ ഒഴുകിപ്പോയവരുണ്ട്,അവരും പൊരുതുകയാണ്- ഹൊ ചിമിന്‍ പറഞ്ഞു.

ഈ പരിപാടിയുടെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ കലാപ്രവര്‍ത്തകരെ ഒരുമിപ്പിച്ച് തെരുവ് ഷോ അവതരിപ്പാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യം നടത്തുക എറണാകുളത്താകും,പിന്നീട് കേരളമൊട്ടാകെ പരിപാടികള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com