തങ്ങള്‍ ആചാരങ്ങള്‍ക്കൊപ്പം ; 'വനിതാ മതില്‍' പരിപാടിയില്‍ നിന്ന് കേരള ബ്രാഹ്മണസഭ പിന്മാറി

സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിൽ പരിപാടിയിൽ നിന്ന് കേര‍ള ബ്രാഹ്മണ സഭ പിന്മാറി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിൽ പരിപാടിയിൽ നിന്ന് കേര‍ള ബ്രാഹ്മണ സഭ പിന്മാറി. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സംഘടന അധ്യക്ഷൻ കരിമ്പുഴ രാമൻ അറിയിച്ചു. വനിതാ മതിലിനായി രൂപീകരിച്ച കമ്മിറ്റിയിൽ സംഘടന തുടരില്ലെന്നും അദ്ദേഹം അറിയിച്ചു. 

അറിയിപ്പ് കിട്ടിയപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ആചാരങ്ങൾക്കൊപ്പമാണ് സംഘടന നിലകൊള്ളുന്നതെന്നും കരിമ്പുഴ രാമൻ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രി വിളിച്ച സമുദായസംഘടനകളുടെ നവോത്ഥാന യോഗത്തിൽ പങ്കെടുത്ത ബ്രാഹ്മണ സഭാംഗങ്ങൾ അന്ന് എതിർപ്പ് അറിയിച്ചിരുന്നില്ല. 

170 ഓളം സമുദായ സംഘടനകളാണ് അന്ന് യോ​ഗത്തിനെത്തിയത്. എൻഎസ്എസും യോ​ഗക്ഷേമ സഭയും വിട്ടുനിന്നു. അതേസമയം എസ്എൻഡിപി, കെപിഎംഎസ്, കെഎസ്എസ് തുടങ്ങിയ സംഘടനകൾ യോ​ഗത്തിൽ സംബന്ധിച്ചു. വെള്ളാപ്പള്ളി നടേശൻ ചെയർമാനും പുന്നല ശ്രീകുമാർ കൺവീനറുമാക്കി കമ്മിറ്റിയെയും സർക്കാർ രൂപീകരിച്ചിരുന്നു. 

എന്നാൽ വനിതാ മതിൽ പരിപാടിക്കെതിരെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പരിപാടി സർക്കാർ ചെലവിൽ വേണ്ട. പരിപാടി പഞ്ചസാര കലക്കിയ പാഷാണമാണെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com