കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: രജിസ്ട്രേഷൻ ആരംഭിച്ചു

2019 ജനുവരി 10 മുതൽ 13 വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ: രജിസ്ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഇരുന്നൂറ്റി അമ്പതോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ജനുവരി 10 മുതൽ 13 വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. 

കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. രാമചന്ദ്രഗുഹ, അരുന്ധതി റോയ്, ശശി തരൂര്‍, ചേതൻ ഭഗത്, അമീഷ് ത്രിപാഠി, പി. സായ്നാഥ്, ദേവദത്ത് പട്നായിക്, അനിതാ നായർ, മനു പിള്ള, റസൂൽ പൂക്കുട്ടി, ഗൗർ ഗോപാൽദാസ്, റിച്ചാർഡ് സ്റ്റാൾമാൻ തുടങ്ങി വിവിധ മേഖലകളിലെ നിരവധി പ്രമുഖർ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമാകും.  കലാസാംസ്‌കാരികസാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ പ്രധാന അതിഥികള്‍. 

വെല്‍ഷ് സാഹിത്യത്തിലെ കൃതികളും എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെയും സജീവസാന്നിദ്ധ്യം കെ.എല്‍.എഫില്‍ ഉടനീളമുണ്ടാകും. കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും എത്തുന്നു. സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍, സംവാദം, സെമിനാര്‍, ചലച്ചിത്രോത്സവം, പുസ്തകമേള, ഫോട്ടോ എക്സിബിഷൻ തുടങ്ങിയവയാണ് സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ചലച്ചിത്രോൽസവം ക്യുറേറ്റ് ചെയ്യുന്നത് ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണും ഫിലിം എഡിറ്ററുമായ ബീനാ പോൾ ആണ്.  രജിസ്റ്റർ ചെയ്യുന്നവർക്ക് ഡെലിഗേറ്റ് കിറ്റിനൊപ്പം ഒരു വട്ടം കൂടി എന്റെ പാഠപുസ്തകങ്ങൾ പ്രീ പബ്ലിക്കേഷൻ മൂന്ന് വോള്യങ്ങളുടെ 999 രൂപ വിലവരുന്ന ഇ- ബുക്കും ഓഡിയോ ബുക്കും ലഭിക്കുന്നതാണ്.  ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും www.keralaliteraturefestival.com എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായും രജിസ്ട്രര്‍ ചെയ്യാം. കുടുതല്‍ വിവരങ്ങള്‍ക്ക്: +91 9072351755, +91 9846133335

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com