കൊച്ചി കപ്പല്‍ശാല വീണ്ടും അഭിമാനമാവുന്നു; ഐഎന്‍എസ് വിക്രാന്തിന് പിന്നാലെ അടുത്ത വിമാനവാഹിനി കപ്പലും നിര്‍മ്മിക്കും, 65,000 ടണ്‍ ഭാരമുള്ള കപ്പല്‍ 10 വര്‍ഷത്തിനകം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2018 05:44 AM  |  

Last Updated: 04th December 2018 05:44 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനമായി അടുത്ത വിമാനവാഹിനി കപ്പലും കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കും. ഐഎന്‍എസ് വിക്രാന്തിന് പിന്നാലെയാണ് അടുത്ത വിമാനവാഹിനി കപ്പലും കൊച്ചിയില്‍ നിര്‍മ്മിക്കാനുളള സാധ്യത തെളിഞ്ഞത്. നിര്‍മാണം പുരോഗമിക്കുന്ന ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം അവസാനമോ 2020 ആദ്യമോ സേനയുടെ ഭാഗമാകും. പിന്നാലെ, അടുത്ത കപ്പല്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കും. ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലാവും ഇത്. 

65,000 ടണ്‍ ഭാരമുള്ള കപ്പല്‍ 10 വര്‍ഷത്തിനകം സേനയുടെ ഭാഗമാകുമെന്നു നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ വ്യക്തമാക്കി. വിമാനവാഹിനി നിര്‍മാണത്തില്‍ കൊച്ചിക്കുള്ള പരിചയവും ജീവനക്കാര്‍ക്കുള്ള വൈദഗ്ധ്യവും കണക്കിലെടുത്താണു നടപടിയെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. കപ്പലിന്റെ രൂപകല്‍പന, വലുപ്പം എന്നിവയില്‍ ധാരണയായി. നിര്‍മാണച്ചെലവ്, സാങ്കേതിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.