പ്രളയദുരിതാശ്വാസം: കേരളത്തിന് 3048 കോടിയുടെ അധികസഹായം

കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്.
പ്രളയദുരിതാശ്വാസം: കേരളത്തിന് 3048 കോടിയുടെ അധികസഹായം

ന്യൂഡല്‍ഹി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സഹായം അനുവദിച്ചത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി. 5000 കോടിയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. 

രാജ്‌നാഥ് സിങിന് പുറമേ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സിങ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം വിലയിരുത്താനായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് തുക അനുവദിച്ചത്. 

ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് കേരളത്തിന് 3048.39 കോടി രൂപ അനുവദിച്ചതിന് പുറമേ നാഗാലാന്‍ഡിന് 131.16 കോടി രൂപയും ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഓഗസ്റ്റിലെ പ്രളയത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപയുടെ ആദ്യഘട്ടസഹായം അനുവദിച്ചിരുന്നു. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയും. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനര്‍നിര്‍മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.

നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്കു പുറമേ എസ്ഡിആര്‍എഫിലേക്കു (സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) നേരത്തേ നല്‍കിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിനു വിനിയോഗിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com