സര്‍ക്കാര്‍ പറയുന്നു: ആര്‍ത്തവം അശുദ്ധമല്ല; 'സധൈര്യം മുന്നോട്ട്' ഉദ്ഘാടനം പത്തിന്

ആയിരക്കണക്കിന് വനിതകളെ ഉള്‍പ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സര്‍ക്കാര്‍ പറയുന്നു: ആര്‍ത്തവം അശുദ്ധമല്ല; 'സധൈര്യം മുന്നോട്ട്' ഉദ്ഘാടനം പത്തിന്

തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധമല്ലെന്നും പൗരാവകാശം സംരക്ഷിക്കണമെന്നുമുള്ള സന്ദേശമുയര്‍ത്തി പത്തിന് മനുഷ്യാവകാശ ദിനത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന 'സധൈര്യം മുന്നോട്ട്' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ആയിരക്കണക്കിന് വനിതകളെ ഉള്‍പ്പെടുത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഡിസംബര്‍ 10 മുതല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടു വരെ നീളുന്ന വിപുലമായ പ്രചാരണ പരിപാടികളാണ് എല്ലാ ജില്ലകളിലും ക്യാംപസുകളിലുമായി നടത്തുന്നത്. ഈ വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം, പോസ്റ്റര്‍ പ്രദര്‍ശനം, ഹ്രസ്വചിത്രനിര്‍മാണം, കലാ സൃഷ്ടികളുടെ അവതരണം, ഓപ്പണ്‍ ഫോറം, സിംപോസിയം എന്നിവ നടത്തും.

സ്ത്രീ ശരീരം അശുദ്ധമല്ലെന്നും മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ് തന്നെ ആര്‍ത്തവമെന്ന ജൈവപ്രക്രിയയെ ആശ്രയിച്ചിരിക്കുന്നെന്നും സമൂഹത്തെ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ശൈലജ പറഞ്ഞു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വനിതാ ശിശുവികസന ഉദ്യോഗസ്ഥരുടെയും വനിതാ സംഘടനകളുടെയും യോഗം പരിപാടിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ഡയറക്ടര്‍ ഷീബ ജോര്‍ജ്, നിര്‍ഭയ സെല്‍ സ്‌റ്റേറ്റ് കണ്‍വീനര്‍ നിശാന്തിനി, ജെന്‍ഡര്‍ അഡ്വൈസര്‍ ടി.കെ. ആനന്ദി, വനിതാ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com