ആര് കത്തിച്ചാലും വനിതാ മതിലിന്റെ ആശയം കത്തിപ്പോകില്ല; മാറിനില്‍ക്കുന്നവര്‍ ചരിത്രത്തിലെ വിഡ്ഢികളാകും: വെള്ളാപ്പള്ളി

വനിതാ മതിലില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ ചരിത്രത്തിലെ വിഡ്ഢികളാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
ആര് കത്തിച്ചാലും വനിതാ മതിലിന്റെ ആശയം കത്തിപ്പോകില്ല; മാറിനില്‍ക്കുന്നവര്‍ ചരിത്രത്തിലെ വിഡ്ഢികളാകും: വെള്ളാപ്പള്ളി

കൊച്ചി: വനിതാ മതിലില്‍ നിന്ന് മാറിനില്‍ക്കുന്നവര്‍ ചരിത്രത്തിലെ വിഡ്ഢികളാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തിന് അതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അവര്‍ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നവോത്ഥാനം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ വനിതാ മതില്‍ കൊണ്ടു വരുന്നത്. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാന്‍ പറഞ്ഞത്. ഇന്നും താന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികള്‍ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവര്‍ക്ക് അത് മാറ്റിപ്പറയാന്‍ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

കേരള മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാന്‍ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോള്‍ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവര്‍ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോവില്ല. സോഷ്യല്‍ മീഡിയയിലെ ചീത്ത പറച്ചിലുകള്‍ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. ഇപ്പോള്‍ ക്ഷണിച്ചെങ്കില്‍ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

20 കൊല്ലമായി വന്ന ഭരണസമിതികള്‍ മാറി മാറി വന്നിട്ടും ദേവസ്വം ബോര്‍ഡില്‍ സവര്‍ണ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ വന്നു. പക്ഷെ നാം അവരുടെ തനി നിറവും കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com