ഭാവിയില്‍ കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുത്; പിറവം പള്ളിക്കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി

ജസ്റ്റിസുമാരായയ പിആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രനുമാണ്  പിന്മാറിയത്. ഇവരടങ്ങിയ ബഞ്ച് ഹര്‍ജി കേള്‍ക്കരുതെന്ന് യാക്കോബായ സമിതികള്‍ ആവശ്യപ്പെട്ടിരുന്നു
ഭാവിയില്‍ കോടതിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുത്; പിറവം പള്ളിക്കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറി

കൊച്ചി: പിറവം പള്ളിക്കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഒഴിവായി. ജസ്റ്റിസുമാരായയ പിആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്‌. ഇവരടങ്ങിയ ബഞ്ച് ഹര്‍ജി കേള്‍ക്കരുതെന്ന് യാക്കോബായ സമിതികള്‍ ആവശ്യപ്പെട്ടിരുന്നു.

കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്‍മാറ്റമെന്നാണ് ജസ്റ്റിമാരുടെ ന്യായം. ഇന്നലെ പിറവം പള്ളിയില്‍ ഉണ്ടായ പൊലീസ് നടപടിയാകാം ഹര്‍ജിക്ക് പിന്നിലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് വീണ്ടും മറ്റൊരു ബഞ്ച് കേള്‍ക്കും. സുപ്രീം കോടതി വിധി  നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഇതിനായി പൊലീസ് ശ്രമം തുടരുമെന്ന് എജി കോടതിയെ അറിയിച്ചു.പള്ളിത്തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാംഗങ്ങള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇടവകക്കാരായ മത്തായി ഉലഹന്നാന്‍, മത്തായി തൊമ്മന്‍ തുടങ്ങിയവരാണു ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതി വിധിയുടെ പേരില്‍ ഇടവകക്കാര്‍ക്കെതിരെ ബലംപ്രയോഗിച്ച് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുതിരരുതെന്ന് പൊലീസുദ്യോഗസ്ഥരോടു നിര്‍ദേശിക്കണമെന്നാണു വാദം. ആവശ്യമെങ്കില്‍ 1934ലെ സഭാഭരണഘടന നിയമാനുസൃതം ഭേദഗതി ചെയ്തും അഭിപ്രായവ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാവുന്നതാണെന്ന്, സുപ്രീംകോടതി 2017 ജൂലൈയിലെ 'കെ. എസ്. വര്‍ഗീസ് കേസ്' വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷമായവര്‍ സുപ്രീംകോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഭൂരിപക്ഷത്തിന്റെ ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കാന്‍ ശ്രമിക്കുന്നുവെന്നാണു ഹര്‍ജിയിലെ ആരോപണം. മതകര്‍മങ്ങള്‍ തടസ്സമില്ലാതെ അനുഷ്ഠിക്കാന്‍ ഇടവകക്കാര്‍ക്ക് അവകാശമുണ്ട്. സുപ്രീംകോടതി വിധിയുടെ പേരില്‍ പൊലീസ് ഉള്‍പ്പെടെ അധികാരികള്‍ സ്വീകരിക്കുന്ന നടപടികള്‍ ഇടവകക്കാരുടെ മതാനുഷ്ഠാനങ്ങള്‍ക്കും സ്വത്തുക്കളുടെ സംരക്ഷണത്തിനും തടസ്സമാണ്. പള്ളിപ്പരിസരത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനും മതാനുഷ്ഠാനങ്ങള്‍ക്കു തടസ്സമില്ലാതിരിക്കാനും സര്‍ക്കാര്‍ ഇടപെടണം. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ മൂന്നിനു സര്‍ക്കാരിനു നല്‍കിയ നിവേദനത്തില്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com