വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരി രമേശ് ചെന്നിത്തല; യോഗത്തിന്‌പോലും ക്ഷണിച്ചില്ല; മര്യാദകേടെന്ന് ചെന്നിത്തല

ആലപ്പുഴയില്‍ വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരി രമേശ് ചെന്നിത്തല - തന്നെ രക്ഷാധികാരിയാക്കിയത് മര്യാദകേട് - ജില്ലാ കളക്ടറെ പ്രതിഷേധം അറിയിച്ചു 
വനിതാ മതിലിന്റെ മുഖ്യരക്ഷാധികാരി രമേശ് ചെന്നിത്തല; യോഗത്തിന്‌പോലും ക്ഷണിച്ചില്ല; മര്യാദകേടെന്ന് ചെന്നിത്തല

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വനിതാ മതില്‍ പരിപാടിയുടെ മുഖ്യ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചുമതല. ഇന്ന് ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യ രക്ഷാധികാരിയുടെ ചുമതല നല്‍കിക്കൊണ്ട് തീരുമാനമായത്.  തന്നെ രക്ഷാധികാരിയാക്കിയത് മര്യാദകേടാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. തന്നെ യോഗത്തിന് പോലും ക്ഷണിക്കാതെയാണ് ചുമതലയേല്‍പ്പിച്ചത്. തന്റെ പ്രതിഷേധം ജില്ലാ കളക്ടറെ അറിയിച്ചതായും ചെ്ന്നിത്തല പറഞ്ഞു

കളക്ട്രേറ്റിലാണ് ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗം നടന്നത്. കെ സി വേണുഗോപാല്‍ ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്റെ രക്ഷാധികാരിയാവും. ജില്ലയിലെ മന്ത്രിമാര്‍ക്കൊപ്പമാണ് വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയും മുഖ്യസംഘാടകനാകുന്നത്. ഹരിപ്പാട് എം എല്‍ എ എന്ന നിലയിലാണ് ചെന്നിത്തലയെ മുഖ്യ രക്ഷാധികാരിയാക്കിയത്.

അതേസമയം, വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിത മതില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com