ശബരിമലയില്‍ കലാപമുണ്ടാക്കാനുളള ശ്രമം പരാജയപ്പെട്ടു, ഇപ്പോള്‍ ബലിദാനിയുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്ന് ഇ പി ജയരാജന്‍ 

എല്ലാ സമരങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഹര്‍ത്താലുമായി ബിജെപി എത്തിയിരിക്കുന്നത്
ശബരിമലയില്‍ കലാപമുണ്ടാക്കാനുളള ശ്രമം പരാജയപ്പെട്ടു, ഇപ്പോള്‍ ബലിദാനിയുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്ന് ഇ പി ജയരാജന്‍ 

തിരുവനന്തപുരം:  സെക്രട്ടറിയേറ്റ് പടിക്കലിലെ ബിജെപി സമരപന്തലിന് മുന്നില്‍ തീകൊളുത്തി വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിയുടെ നടപടി ജനവിരുദ്ധമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ സമരങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഹര്‍ത്താലുമായി ബിജെപി എത്തിയിരിക്കുന്നത്. ശബരിമലയില്‍ വെടിവയ്പ് നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടപ്പോള്‍ ബലിദാനിയുമായി ബിജെപി ഇറങ്ങിയിരിക്കുകയാണെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു.

അപ്രതീക്ഷിത ഹര്‍ത്താല്‍ ജനങ്ങളോടുളള ദ്രോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം വേണുഗോപാലന്‍ നായരുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. നിരവധിപ്പേര്‍ സമരപ്പന്തലില്‍ ഉണ്ടായിട്ടും എങ്ങനെയാണ് അയാള്‍ക്ക് ആത്മഹത്യ ചെയ്യാനായത്. സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ ആഘോഷമാക്കുകയാണെന്നും കടകംപളളി ആരോപിച്ചു.

ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മാഹൂതി ശ്രമം നടത്തി ആശുപത്രിയില്‍ മരിച്ച വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തുവന്നു. ബിജെപി സമരത്തെ കുറിച്ചോ ശബരിമലയെ കുറിച്ചോ മരണമൊഴിയില്‍ പരാമര്‍ശമില്ല. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വേണുഗോപാലന്‍ നായരുടെ മരണമൊഴില്‍ പറയുന്നു. ഡോക്ടര്‍ക്കും മജിസ്‌ട്രേറ്റിനും മുന്‍പില്‍ വേണുഗോപാലന്‍ നായര്‍ നല്‍കിയ മരണമൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. 

കുറെ നാളായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മരണമൊഴില്‍ പറയുന്നു. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് പിന്തുണയുമായി ശബരിമല കര്‍മ്മസമിതി രംഗത്ത് എത്തിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com