ചെന്നൈയില്‍ നിന്നുള്ള 30 വനിതകള്‍ ശബരിമലയിലേക്ക്; 23ന് മലകയറും

35നും 40നും ഇടയിലുള്ള യുവതികളാണ് 23ന് ശബരിമല കയറുക - സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇവര്‍  എത്തുന്നത്‌ 
ചെന്നൈയില്‍ നിന്നുള്ള 30 വനിതകള്‍ ശബരിമലയിലേക്ക്; 23ന് മലകയറും

ചെന്നൈ: ചെന്നൈയില്‍ നിന്ന് മുപ്പത് സ്ത്രീകള്‍ ശബരിമല കയറാന്‍ എത്തുന്നു.ചെന്നൈയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ മുപ്പത് അംഗങ്ങളാണ് മല ചവിട്ടാന്‍ എത്തുക. ഇവര്‍ 35നും 40 വയസ്സിനും ഇടയിലുള്ളവരാണ്. ഈ മാസം 22ന് തമിഴ്‌നാട്ടില്‍ തിരിക്കുന്ന ഇവര്‍ 23ാം തിയ്യതി ശബരിമലയിലെത്താനാണ് തീരുമാനം.

യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രതിഷേധക്കാരുടെ ആഹ്വാനം അപലപനീയമാണെന്നും സംഘടനയുടെ നേതാവായ വസുമതി വസന്ത് പറഞ്ഞു.ഇവര്‍ക്ക് പിന്തുണയുമായി നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകളും 23 ന് ശബരിമലയിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ശബരിമലയിലെത്താനുള്ള ചെന്നൈയിലെ സ്ത്രീ സംഘടനയുടെ തീരുമാനം
 
ലിംഗ സമത്വത്തില്‍ വിശ്വസിക്കുന്ന കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് പ്രതീക്ഷയര്‍പ്പിച്ച് മനീതി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. സ്ത്രീകളുടെ സംഘം ശബരിമലയില്‍ എത്തുമ്പോള്‍ വേണ്ട മുന്‍കരുതല്‍ നടപടി എടുക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചുവെന്നും മനീതി ഭാരവാഹികള്‍ അറിയിച്ചു.

ശബരിമലയില്‍ നിന്ന് ബ്രാഹ്മണ്യത്തെ പടിയിറക്കുക എന്ന ആഹ്വാനവുമായി സ്ത്രീകള്‍ നടത്തുന്ന വില്ലുവണ്ടിയാത്ര നാളെ തുടങ്ങും. സ്ത്രീകള്‍ നയിക്കുന്ന വില്ലുവണ്ടിയാത്ര ഞായറാഴ്ച്ച രാവിലെ 9 മണിക്ക് എരുമേലിയിലേക്ക് തിരിക്കും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുക, ശബരിമലയിലെ ബ്രാഹ്മണിക്കല്‍ പുരുഷമേധാവിത്വം അവസാനിപ്പിക്കുക, വനാവാകാശം നടപ്പിലാക്കുക, ശബരിമലയുടെ അവകാശം ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക എന്നിവയാണ് വില്ലുവണ്ടിയാത്രയുടെ പ്രധാന ആവശ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com