പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതി; മന്ത്രി ശൈലജയെ കൊട്ടി വിടി ബല്‍റാം

പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതി - മന്ത്രി ശൈലജയെ കൊട്ടി വിടി ബല്‍റാം
പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതി; മന്ത്രി ശൈലജയെ കൊട്ടി വിടി ബല്‍റാം

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.  വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതാണു വിവാദത്തിലായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും പലരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മന്ത്രിയുടെ  ഈ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തിലൂടെയാണ് ബല്‍റാമിന്റെ വിമര്‍ശനം

തൃശൂര്‍ പൂരത്തോടനുബന്ധിച്ച പുലിക്കളിക്കും മറ്റ് അനേകം പ്രാദേശിക ഉത്സവങ്ങള്‍ക്കും മേളകള്‍ക്കുമൊക്കെ ടൂറിസം വകുപ്പ് പിന്തുണ നല്‍കാറുണ്ട്. എന്നുവച്ച് അവ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ ആകുന്നില്ല.അതു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെയും ആയുഷ് മന്ത്രാലയത്തിന്റേയും ഔദ്യോഗിക പരിപാടി ആയതിനാലാണ് കേരളത്തിലെ മന്ത്രി, ഉദ്യോഗസ്ഥപ്പട അങ്ങ് ഗുജറാത്ത് വരെ ഫ്‌ലൈറ്റും പിടിച്ച് ചെന്ന് പങ്കെടുത്തത് എന്ന ന്യായമൊക്കെ പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതിയെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ബല്‍റാമിന്റെ കുറിപ്പ്

World Ayurveda Congress എന്നത് ഒരു കേന്ദ്ര സര്‍ക്കാര്‍ പരിപാടി അല്ല. അതിന്റെ organisers അഥവാ സംഘാടകര്‍ World Ayurveda Foundation എന്ന എന്‍ജിഒ സംഘടനയാണ്. ഇതാവട്ടെ an initiative of Vijnan Bharati അഥവാ വിജ്ഞാനഭാരതി എന്ന സംഘ പരിവാര്‍ പോഷക സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എല്ലാക്കൊല്ലവും അവര്‍ സംഘടിപ്പിക്കുന്നതാണ് (ഫോട്ടോകള്‍ നോക്കുക).

ഓരോ മേഖലയിലും ഇത്തരം സംഘടനകള്‍ നടത്തുന്ന പരിപാടികള്‍ക്ക് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പിന്തുണ നല്‍കാറുണ്ട്. ഭരണസ്വാധീനം കൂടി ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചിലപ്പോഴൊക്കെ ചെറിയ സാമ്പത്തിക സഹായങ്ങളും നല്‍കും. ഉദാഹരണത്തിന് കേരളത്തില്‍ ടൂറിസം മേഖലയിലെ വിവിധ സംഘടനകളും ടൂര്‍ ഓപ്പറേറ്റേഴ്‌സുമൊക്കെ പങ്കെടുക്കുന്ന ഒരു പരിപാടി ആണ് എല്ലാക്കൊല്ലവും നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട്. അതിന്റെ സംഘാടകര്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി എന്ന രജിസ്‌റ്റേഡ് സംഘടനയാണ്. സംസ്ഥാന ടൂറിസം വകുപ്പ് അതിന് പിന്തുണ നല്‍കാറുണ്ട്. ഔദ്യോഗിക സ്വഭാവം ഉണ്ടെന്ന് കാണിക്കാനും ആധികാരികത കൈവരിക്കാനും ട്രാവല്‍ മാര്‍ട്ട് സംഘാടകര്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ചിഹ്നം (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) ഒക്കെ ഉപയോഗിക്കാറുമുണ്ട് (വീണ്ടും ഫോട്ടോകള്‍ നോക്കുക). എന്നുവച്ച് ട്രാവല്‍ മാര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റേയോ ടൂറിസം വകുപ്പിന്റേയോ ഔദ്യോഗിക പരിപാടി അല്ല. തൃശൂര്‍ പൂരത്തോടനുബന്ധിച്ച പുലിക്കളിക്കും മറ്റ് അനേകം പ്രാദേശിക ഉത്സവങ്ങള്‍ക്കും മേളകള്‍ക്കുമൊക്കെ ടൂറിസം വകുപ്പ് ഇങ്ങനെ പിന്തുണ നല്‍കുന്നുണ്ട്. എന്നുവച്ച് അവയും സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ ആകുന്നില്ല.

അതു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെയും ആയുഷ് മന്ത്രാലയത്തിന്റേയും ഔദ്യോഗിക പരിപാടി ആയതിനാലാണ് കേരളത്തിലെ മന്ത്രി, ഉദ്യോഗസ്ഥപ്പട അങ്ങ് ഗുജറാത്ത് വരെ ഫ്‌ലൈറ്റും പിടിച്ച് ചെന്ന് പങ്കെടുത്തത് എന്ന ന്യായമൊക്കെ പാര്‍ട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാല്‍ മതി. പ്രത്യേകിച്ചും ഇന്ത്യയിലെ മറ്റ് സംസ്ഥാന സര്‍ക്കാറുകള്‍ ബഹിഷ്‌ക്കരിച്ച ഒരു പരിപാടിയില്‍ ഒരു സിപിഎം മന്ത്രി പങ്കെടുക്കുമ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com