പി.കെ ശശിക്കെതിരെ വീണ്ടും വനിതാ നേതാവ്: അച്ചടക്ക നടപടി പുനഃപരിശോധിക്കണം;കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി

ലൈംഗിക പീഡന പരാതിയില്‍ എംഎല്‍എ പി.കെ ശശിക്ക് എതിരായ അച്ചടക്ക നടപടി പാര്‍ട്ടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കി.
പി.കെ ശശിക്കെതിരെ വീണ്ടും വനിതാ നേതാവ്: അച്ചടക്ക നടപടി പുനഃപരിശോധിക്കണം;കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ എംഎല്‍എ പി.കെ ശശിക്ക് എതിരായ അച്ചടക്ക നടപടി പാര്‍ട്ടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കി. പി.കെ ശശിയെ വെള്ളപൂശുന്ന തരത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാതലത്തിലാണ് കത്തയച്ചിരിക്കുന്നത്. അച്ചടക്ക നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് കത്തയച്ചിരിക്കുന്നത്. 

സംസ്ഥാന സമിതിയെടുത്ത അച്ചടക്ക നടപടി പരിശോധിച്ച് അംഗീകാരം നല്‍കേണ്ടത് കേന്ദ്ര കമ്മറ്റിയാണ്. പി കെ ശശി തെറ്റുകാരനാണെന്ന് കണ്ടെത്തിയതുകൊണ്ടാണ് നടപടിയെടുത്തതെന്നും അത് ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അംഗീകരിക്കുമെന്നും അന്വേഷണ സംഘാംഗം പി കെ ശ്രീമതി പ്രതികരിച്ചു.

പീഡന പരാതിയില്‍ പികെ ശശി എംഎല്‍എയെ വെള്ളപൂശി സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സിപിഎം ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് പുറത്തായത്. ഇതില്‍ പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരി അതിക്രമം നടന്നു എന്നത് സംബന്ധിച്ച വ്യക്തമായ തീയതി പരാതിയിലോ മൊഴിയിലോ വ്യക്തമാക്കിയിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

പരാതി സംബന്ധിച്ച് യുവതിയുടെ വാദങ്ങള്‍ പൊരുത്തപ്പെടുന്നില്ല. പാര്‍ട്ടി ഓഫീസില്‍ വെച്ച് പി കെ ശശി അപമര്യാദയായി പെരുമാറിയെന്ന് കരുതാനാവില്ല. യുവതിയുടെ പരാതി പ്രകാരം ജില്ലാ സമ്മേളന സമയത്താണ് സംഭവം നടക്കുന്നത്. എന്നാല്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരക്കുള്ള സമയത്ത് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറാന്‍ സാധ്യത കാണുന്നില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നടപടിയെച്ചൊല്ലി അന്വേഷണ കമ്മീഷനിലും ഭിന്നതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശശിക്കെതിരെ നടപടിയെ എ കെ ബാലന്‍ എതിര്‍ത്തപ്പോള്‍, ശക്തമായ നടപടി വേണമെന്ന് പി കെ ശ്രീമതി വാദിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശശിയുടെ ഫോണ്‍സംഭാഷണങ്ങളുടെ ഓഡിയോ പകര്‍പ്പുകളും പരാതിക്കാരി അന്വേഷണ കമ്മീഷന് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com