പെണ്‍കുട്ടികളെ അപമാനിച്ച 'കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍' അകത്താകും; വിവാഹത്തിനെത്തിയ പെണ്‍കുട്ടികളെ ആക്രമിച്ച ആറുപേര്‍ക്കെതിരെ കേസ്

മലപ്പുറത്ത് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആക്രണം നടത്തിയ ആറുപേര്‍ക്ക് എതിരെ വേങ്ങര പൊലീസ് കേസെടുത്തു
പെണ്‍കുട്ടികളെ അപമാനിച്ച 'കിളിനക്കോട്ടെ പന്ത്രണ്ടാം നൂറ്റാണ്ടുകാര്‍' അകത്താകും; വിവാഹത്തിനെത്തിയ പെണ്‍കുട്ടികളെ ആക്രമിച്ച ആറുപേര്‍ക്കെതിരെ കേസ്


വേങ്ങര: മലപ്പുറത്ത് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ സദാചാര ആക്രണം നടത്തിയ ആറുപേര്‍ക്ക് എതിരെ വേങ്ങര പൊലീസ് കേസെടുത്തു. വേങ്ങരയ്ക്കടുത്ത് കിളിനക്കോട് എന്ന പ്രദേശത്ത് വിവാഹത്തിന് എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ആണ്‍സുഹൃത്തുക്കളോടൊപ്പം എത്തിയ ഇവരെ ഒരു സംഘം യുവാക്കള്‍ തടഞ്ഞു നിര്‍ത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തങ്ങള്‍ക്കുണ്ടായ സദാതാര ഗുണ്ടായിസം തമാശ രൂപേണ പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടതോടെയാണ് പ്രശ്‌നം ചര്‍ച്ചയായത്. 

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് എതിരെ വ്യാപക ആക്രമണം ആരംഭിച്ചു. കിളിനക്കോട് യുവാക്കള്‍ എന്ന് പരിചയപ്പെടുത്തി ഫെയ്‌സ്ൂബുക്ക് ലൈവിലൂടെ ഒരു സംഘം, പെണ്‍കുട്ടികളെ അപമാനിക്കുന്ന വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. വിശപ്പിന്റെ വിലയറിഞ്ഞവരാണ് തങ്ങളെന്നും കിളിനക്കോടിന്റെ സംസ്്കാരം തകര്‍ക്കാന്‍ അനുവദിക്കുകയില്ലെന്നും ആയിരുന്നു ഇവരുടെ പ്രതികരണം. 

ഇതിന് പിന്നാലെ പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിയലെത്തി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന ആറുപേര്‍ക്ക് എതിരെ വേങ്ങര പൊലീസ് കേസെടുത്തു. അതേസമയം, പെണ്‍കുട്ടികള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട് എന്നത് വ്യാജ പ്രചാരണം ആണെന്നും പൊലീസ് പെണ്‍കുട്ടികള്‍ക്ക് സദാചാര ക്ലാസെടുത്തിട്ടില്ലെന്നും വേങ്ങര പൊലീസ് സമകാലിക മലയാളത്തോട് വ്യക്തമാക്കി. 

തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞത് ഇങ്ങനെ: 

ഞങ്ങള്‍ കിളിനക്കോട് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വിവാഹത്തിന് വന്നതാണ്. ഇത്രയും ദയനീയമായിട്ടുള്ള ഒരു സ്ഥലം ഞങ്ങള്‍ കണ്ടിട്ടില്ല. ഇത്രയും സംസ്‌കാര ശൂന്യരായ ആളുകളെ കണ്ടിട്ടില്ല. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. നേരം വെളുക്കാത്ത ഈ നാട്ടില്‍ ഞങ്ങള്‍ ഒരുപാട് മാനസിക പീഡനങ്ങള്‍ അനുഭവിച്ചു. കിളിനക്കോട് വഴി വരുന്നവരൊക്കെ എമര്‍ജന്‍സി കയ്യില്‍ കരുതുക. പരമാവധി ആരും ഈ നാട്ടിലേക്ക് കല്യാണം കഴിച്ച് വരാതിരിക്കുക.

ഇതിന് പിന്നാലെ ഒരുനാടിനെ മൊത്തം അപമാനിച്ചവര്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ എന്ന തരത്തില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഒരുവിഭാഗം രംഗത്തെത്തി. ഇത് വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com