ആദ്യ ഉപയോഗത്തില്‍ അടിമയാക്കും; ലഹരി 12 മണിക്കൂര്‍; കൊച്ചിയില്‍ പിടികൂടിയ മയക്കുമരുന്നിനെ കുറിച്ച്  വിദഗ്ധര്‍

ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉണര്‍വു നല്‍കുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നതെന്നാണ്  വിദഗ്ധര്‍ പറയുന്നത്‌
ആദ്യ ഉപയോഗത്തില്‍ അടിമയാക്കും; ലഹരി 12 മണിക്കൂര്‍; കൊച്ചിയില്‍ പിടികൂടിയ മയക്കുമരുന്നിനെ കുറിച്ച്  വിദഗ്ധര്‍

കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കു മരുന്ന് ഐസ് മെത്ത്(മെതാംഫെറ്റമീന്‍) ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള ഉണര്‍ത്തു മരുന്നെന്ന് വിദഗ്ധര്‍. ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉണര്‍വു നല്‍കുന്ന ഈ ലഹരിമരുന്ന് ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.

പാര്‍ട്ടികളില്‍ കൂടുതല്‍ സമയം ക്ഷീണം അറിയാതെ നൃത്തം ചെയ്യുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. കൂടാതെ നീലച്ചിത്ര നിര്‍മാണ മേഖലയില്‍ പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുന്ന മരുന്നായാണ് ഐസ് മെത്ത് അറിയപ്പെടുന്നത്. 

ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ് തുടങ്ങിയ ഓമനപ്പേരുകളിലും ഇത് അറിയപ്പെടുന്നു. പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമെല്ലാം ഉപയോഗിക്കുന്ന മെത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ശരീരത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്യുമത്രെ.കേരളത്തില്‍ അധികമൊന്നും പിടികൂടിയിട്ടില്ലെങ്കിലും ഇതിന്റെ മൂലരൂപം നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലക്ഷങ്ങള്‍ മാത്രമാണ് വില. എന്നാല്‍ രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് കോടികള്‍ വിലവരും. ഇതു പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഐസ് മെത്തുമായി ചെന്നൈ സ്വദേശി കൊച്ചിയിലെത്തിയതും പൊലീസിന്റെ വലയിലായതും. 

തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഡാന്‍സിങ്ങിനും സഹായിക്കുന്ന മെത് പരിധിവിട്ടാല്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അപകടവുമുണ്ടാക്കാറുണ്ട്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്‌ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.

2014 ലും 2015 ലും നെടുമ്പാശേരി വിമനാത്താവളത്തില്‍ നിന്നു മെത്ത് നിര്‍മിക്കുന്നതിനുപയോഗിക്കുന്ന എഫ്രഡിന്‍ പിടികൂടിയിരുന്നു. 2014 ല്‍ 20 കിലോയും 2015 ല്‍ 14 കിലോയുമാണ് പിടിച്ചെടുത്തത്. കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളിലും ചെരിപ്പുകളിലും ഒളിപ്പിച്ചാണ് 2014ല്‍ മരുന്ന് എത്തിച്ചിരുന്നതെങ്കില്‍ തൊട്ടടുത്ത വര്‍ഷം ട്രോളികളിലുണ്ടാക്കിയ പ്രത്യേക അറകളില്‍ നിറച്ച് കടത്താനായിരുന്നു ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com