എസ്എഫ്‌ഐയെ കുടുക്കാനുളള നാടകം പൊളിഞ്ഞു, എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റതല്ലെന്ന് പൊലീസ്; മുറിവ് കൂട്ടുകാര്‍ സൃഷ്ടിച്ചതെന്ന് മൊഴി 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാമ്പസില്‍ എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം നാടകമെന്ന് പൊലീസ്
എസ്എഫ്‌ഐയെ കുടുക്കാനുളള നാടകം പൊളിഞ്ഞു, എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റതല്ലെന്ന് പൊലീസ്; മുറിവ് കൂട്ടുകാര്‍ സൃഷ്ടിച്ചതെന്ന് മൊഴി 

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കാമ്പസില്‍ എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം നാടകമെന്ന് പൊലീസ്. കാമ്പസില്‍ നടന്ന അക്രമസംഭവത്തില്‍ എബിവിപി പ്രവര്‍ത്തകന് വെട്ടേറ്റിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഇത്. കൈയിലെ മുറിവ് കൂട്ടുകാര്‍ സൃഷ്ടിച്ചതാണെന്ന് പരിക്കേറ്റ കെ.എം. ലാല്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന്, ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.

കെ.എം. ലാലിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സത്യം പുറത്തുവന്നത്. കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് ലാലിനു നേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍, ഇത് ചെറിയ തോതിലേ ഉണ്ടായിരുന്നുള്ളൂ. ചെറിയ പോറല്‍ ഏറ്റിരുന്നതേയുള്ളൂ. കേസിന് ബലം കിട്ടുന്നതിനായി കൂട്ടുകാരുടെ പ്രേരണയില്‍ കത്തിയും ബ്ലേഡും ഉപയോഗിച്ച് കൈയില്‍ വരയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പോലീസ് കാമ്പസില്‍നിന്ന് വിവരം ശേഖരിച്ചപ്പോള്‍, ആഴത്തില്‍ മുറിവേല്‍ക്കും വിധത്തിലുള്ള അക്രമ സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ലാലിന്റെ മൊബൈല്‍ ടവര്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് സത്യാവസ്ഥ പോലീസ് കണ്ടെത്തിയത്.മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവരാണ് സംഭവത്തില്‍ പങ്കാളികളായത്. കാമ്പസിനുള്ളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയതിന് നാലു പേര്‍ക്കുമെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com