‍ഡബിൾ ബെല്ലടിച്ച് സലീം ഇന്ന് യാത്ര തുടങ്ങും; അഞ്ച് വർഷത്തെ കാത്തിരിപ്പ് സഫലം

എംഡി ടോമിൻ തച്ചങ്കരി നിയമന ഉത്തരവ് വിതരണം ചെയ്തപ്പോൾ അതിൽ ആദ്യത്തേതു കൈപ്പറ്റാൻ ഭാഗ്യം ലഭിച്ചത് സലീമിനായിരുന്നു
‍ഡബിൾ ബെല്ലടിച്ച് സലീം ഇന്ന് യാത്ര തുടങ്ങും; അഞ്ച് വർഷത്തെ കാത്തിരിപ്പ് സഫലം

തിരുവനന്തപുരം: അഞ്ച് വർഷങ്ങൾക്ക് മുൻപ് പിഎസ്‍സി റാങ്ക് പട്ടികയിൽ പേരു കണ്ടപ്പോൾ റബർ കത്തി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സലീം. കെഎസ്ആർടിസി കണ്ടക്ടർ റാക്ക് കയ്യിലേന്താമെന്നായിരുന്നു സലീമിന്റെ പ്രതീക്ഷകൾ. മാസങ്ങൾക്കുള്ളിൽ പിഎസ്‍സിയുടെ നിയമന ശുപാർശയും കിട്ടിയതോടെ കണ്ടക്ടർ ലൈസൻസും എടുത്തു. 90 ദിവസം കഴിയുമ്പോൾ ബസിൽ ഡബിൾ ബെല്ലടിക്കുന്നതായിരുന്നു മനസ്സു നിറയെ.

2013ൽ വന്ന റാങ്ക് ലിസ്റ്റിലെ നിയമനം അനന്തമായി നീണ്ടപ്പോൾ കാത്തിരിക്കേണ്ടി വന്നത് അഞ്ച് വർഷം. നിയമ പോരാട്ടത്തിനൊടുവിൽ പിഎസ്‍സി പട്ടികയിലുള്ള 4051 പേരിൽ ഇന്നലെ ഹാജരായ 1572 പേർക്കു എംഡി ടോമിൻ തച്ചങ്കരി നിയമന ഉത്തരവ് വിതരണം ചെയ്തപ്പോൾ അതിൽ ആദ്യത്തേതു കൈപ്പറ്റാൻ ഭാഗ്യം ലഭിച്ചത് സലീമിനായിരുന്നു.

പാലക്കാട് നെന്മാറ സ്വദേശിയായ സലീമിന് റബർ ടാപ്പിങ്ങായിരുന്നു ജോലി. സ്വന്തം പുരയിടത്തിൽ 200 റബറുണ്ട്. ഇതിനു പുറമേ മറ്റു പുരയിടങ്ങളിൽ കൂലിക്കും ടാപ്പിങ്ങിനു പോകും. അഞ്ച് മക്കളിൽ മൂത്തയാളാണ് 36 വയസുകാരനായ സലീം. സഹോദരിമാരുടെ വിവാഹം കഴിഞ്ഞെങ്കിലും ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ സലീമിനും സഹോദരങ്ങൾക്കും വിവാഹം കഴിക്കാനായില്ല. നിയമനം വൈകിയതോടെ റബർ ടാപ്പിങ്ങ് തന്നെ തുടരാമെന്നു ഉറപ്പിച്ചിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി വിളിയെത്തിയത്. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുണ്ടെങ്കിലും നിയമനം ലഭിക്കുമെന്ന് ഉറപ്പില്ല. ഇന്ന് തൃശൂർ ഡിപ്പോയിൽ സലീം ജോലിയിൽ പ്രവേശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com