പാളത്തിന്റെ അറ്റകുറ്റ പണികൾ; ക്രിസ്മസ് അവധിക്കാലത്തെ ഗതാഗത നിയന്ത്രണം ട്രെയിൻ യാത്രക്കാരെ വലയ്ക്കുന്നു

പാളം അറ്റകുറ്റപ്പണികളുടെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നത‌് ക്രിസ‌്മസ‌്‌ കാലത്ത‌് ട്രെയിൻ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു
പാളത്തിന്റെ അറ്റകുറ്റ പണികൾ; ക്രിസ്മസ് അവധിക്കാലത്തെ ഗതാഗത നിയന്ത്രണം ട്രെയിൻ യാത്രക്കാരെ വലയ്ക്കുന്നു

കൊച്ചി: പാളം അറ്റകുറ്റപ്പണികളുടെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നത‌് ക്രിസ‌്മസ‌്‌ കാലത്ത‌് ട്രെയിൻ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. ഇടപ്പള്ളി, ചിങ്ങവനം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ‌് പാളം മാറ്റുന്നത‌്. മിക്ക ട്രെയിനുകളും അര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈകിയാണ‌് ഓടുന്നത‌്. പാസഞ്ചറുകള്‍ റദ്ദ് ചെയ്യുന്നതും വ്യാപകമാണ‌്. അറ്റകുറ്റ പണികളുടെ പേരില്‍ നാളെ വരെയാണ‌് ഇപ്പോള്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത‌് നീളുമെന്നാണ‌് സൂചന. 

ചിങ്ങവനത്തെ അറ്റകുറ്റപ്പണിയാണ‌് സര്‍വീസുകളെ ഏറെയും ബാധിച്ചത‌്. 11 പ്രധാന എക‌്സ‌്പ്രസ‌് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഏഴ് പാസഞ്ചറുകളും നാല‌് മെമു ട്രെയിനുകളും റദ്ദാക്കി. ഫലത്തില്‍ സംസ്ഥാനത്തെ മൊത്തം ട്രെയിന്‍ ഗതാഗതത്തെയാണ് ഇത് ബാധിച്ചിരിക്കുന്നത്. 

ഇടപ്പള്ളി സ‌്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ‌്ച എറണാകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന‌് സര്‍വീ‌സ‌് ആരംഭിക്കുന്ന നാല‌് പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. തിരുവനന്തപുരം--മധുര (അമൃത), നാഗര്‍കോവില്‍--മംഗളൂരു (പരശുറാം), തിരുവനന്തപുരം--ഹൈദരാബാദ‌് (ശബരി) എന്നീ എക‌്സ‌്പ്രസ‌് ട്രെയിനുകള്‍ 1.15 മണിക്കൂര്‍ വരെയാണ‌് എറണാകുളത്ത‌് പിടിച്ചിടുന്നത‌്. മറ്റു ട്രെയിനുകളില്‍ പലതിനും അര മണിക്കൂറോളം നിയന്ത്രണമുണ്ട‌്. 

കൂടാതെ ഫരീദാബാദിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലും സംസ്ഥാനത്ത‌് ട്രെയിന്‍ നിയന്ത്രണമുണ്ട‌്. മറ്റ‌് സംസ്ഥാനങ്ങളില്‍ നിന്ന‌് നാട്ടിലേക്ക‌് വരുന്നവര്‍ക്കാണ‌് നിയന്ത്രണം ദുരിതമാകുന്നത‌്. അവധിക്കാലം തന്നെ അറ്റകുറ്റപ്പണിക്കായി തെരഞ്ഞെടുത്ത‌ത‌് യാത്രാ ക്ലേശം വര്‍ധിപ്പിച്ചെന്ന‌് പാസഞ്ചേഴ‌്സ‌് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

തിരുവനന്തപുരം- ഹൈദരാബാദ‌് (ശബരി), ന്യൂഡല്‍ഹി- തിരുവനന്തപുരം (കേരള), നാഗര്‍കോവില്‍--മംഗളൂരു (പരശുറാം), കന്യാകുമാരി--മുംബൈ സിഎസ‌്‌എംടി (ജയന്തി), കൊച്ചുവേളി--ലോകമാന്യതിലക‌്, കൊച്ചുവേളി--ഡെറാഡൂണ്‍, ഡെറാഡൂണ്‍--കൊച്ചുവേളി, ബംഗളൂരു--കന്യാകുമാരി (ഐലന്‍ഡ‌്), കണ്ണൂര്‍--തിരുവനന്തപുരം ജനശതാബ‌്ദി, നിസാമുദ്ദീന്‍--തിരുവനന്തപുരം, വിശാഖപട്ടണം--കൊല്ലം എന്നീ എക‌്സ‌്പ്രസ‌് ട്രെയിനുകളാണ‌് തിരിച്ചുവിട്ടത്‌‌. 

കൊല്ലം--കോട്ടയം, കോട്ടയം--കൊല്ലം, കോട്ടയം വഴിയുള്ള എറണാകുളം--കായംകുളം , കായംകുളം--എറണാകുളം, ആലപ്പുഴ വഴിയുള്ള എറണാകുളം--കായംകുളം, കായംകുളം--എറണാകുളം, എറണാകുളം--ആലപ്പുഴ പാസഞ്ചര്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. എറണാകുളത്തുനിന്ന‌് കോട്ടയംവഴി കൊല്ലത്തേക്കും തിരിച്ചുമുള്ള നാല് മെമു ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട‌്.

കോട്ടയം വഴിയുള്ള ഗുരുവായൂര്‍--പുനലൂര്‍, പുനലൂര്‍--ഗുരുവായൂര്‍, ആലപ്പുഴ വഴിയുള്ള കായംകുളം--എറണാകുളം എന്നീ പാസഞ്ചറുകള്‍ ഭാഗികമായി റദ്ദാക്കി. 

സ‌്പെഷ്യല്‍ ട്രെയിനുകളെയും അറ്റകുറ്റപ്പണി ബാധിച്ചു. കൊല്ലം--മച്ചിലിപ്പട്ടണം, കൊല്ലം--കാക്കിനഡ, കൊല്ലം--വിജയവാഡ, കൊല്ലം--വിശാഖപട്ടണം എന്നീ സ‌്പെഷ്യല്‍ ട്രെയിനുകള്‍ ശരാശരി രണ്ട് മണിക്കൂറാണ‌് വൈകുന്നത‌്. ജയന്തി എക‌്സ‌്പ്രസ‌്, കേരള എക‌്സ‌്പ്രസ‌് ട്രെയിനുകള്‍ 45 മിനുട്ട് മുതൽ രണ്ട് മണിക്കൂർ വരെ വൈകുന്നു. ചെന്നൈ സെന്‍ട്രല്‍ --കൊല്ലം സ‌്പെഷ്യല്‍ ട്രെയിന്‍ ഇന്ന് അഞ്ച് മണിക്കൂറാണ‌് വൈകുന്നത‌്.

എം പാനലുകാരെ ഒഴിവാക്കിയതിനെ തുടര്‍ന്ന‌് കെഎസ‌്‌ആര്‍ടിസി സര്‍വീസ‌് വെട്ടിക്കുറച്ചതും കൂടിയായപ്പോള്‍ യാത്രക്കാരുടെ അവസ്ഥ പരിതാപകരമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരും റെയില്‍വേ നടപടിമൂലം ഏറെ ബുദ്ധിമുട്ടുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com